കൽപ്പറ്റ: ബിജെപി-ബിഡിജഐസ് വോട്ടിൽ ചോർച്ച ഉണ്ടായില്ലെങ്കിൽ വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തോൽക്കുമെന്നു എൽഡിഎഫ്. ഇന്നലെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ ചേർന്ന അവലോകന യോഗത്തിലാണ് എൻഡിഎ വോട്ടുകൾ യുഡിഎഫിനു പോയില്ലെങ്കിൽ വിജയം എൽഡിഎഫിനൊപ്പമാകുമെന്ന വിലയിരുത്തൽ.
മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ സി.കെ. ശശീന്ദ്രൻ എംഎൽഎ, ജനറൽ കണ്വീനർ സി.പി. സന്തോഷ്കുമാർ, ട്രഷറർ വിജയൻ ചെറുകര, തിരുവന്പാടി എംഎൽഎ ജോർജ് എം. തോമസ്, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സ്ഥാനാർഥി പി.പി. സുനീർ തുടങ്ങിയവരാണ് അവലോകനയോഗത്തിൽ പങ്കെടുത്തത്.
10.87 ലക്ഷം വോട്ടാണ് മണ്ഡലത്തിൽ പോൾ ചെയ്തത്. ഇതിൽ ഏകദേശം പത്തു ലക്ഷം വോട്ട് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ ചിഹ്നങ്ങളിൽ വീഴും. കുറഞ്ഞതു 4.86 ലക്ഷം വോട്ട് എൽഡിഎഫിനു ലഭിക്കും. ബിജെപി-ബിഡിജെസ് വോട്ടുകളിൽ കാര്യമായ ചോർച്ചയില്ലെങ്കിൽ രാഹുൽ ഗാന്ധി തോൽക്കും. എൻഡിഎ വോട്ടു ചോർന്നാൽ മാത്രം രാഹുൽ നേരിയ ഭൂരിപക്ഷത്തിനു ജയിക്കുമെന്നും യോഗം വിലയിരുത്തി.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നു ഉറപ്പായതോടെ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലം എന്ന നിലയിൽ എൽഡിഎഫ് പ്രചാരണരംഗത്തു അതീവ ജാഗ്രതയാണ് പുലർത്തിയതെന്നു യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയോടുള്ള 10 ചോദ്യങ്ങൾ അടങ്ങുന്ന ലഘുലേഖയുമായി ഏപ്രിൽ 14നു നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സ്ക്വാഡുകൾ മണ്ഡലത്തിലെ മുഴുവൻ വീടുകളും കടകളും കയറി നടത്തിയ പ്രചാരണം വോട്ടർമാരിൽ വലിയ ചലനം സൃഷ്ടിച്ചു.
ഈ ചോദ്യങ്ങൾക്കു രാഹുൽ പരോക്ഷമായി ഉത്തരം പറയേണ്ട സാഹചര്യം ഉണ്ടായി. പുൽപ്പള്ളിൽ എൽഡിഎഫ് സംഘടിപ്പിച്ച കർഷക പാർലമെന്റിനു ബദലായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പങ്കെടുപ്പിച്ച് കർഷക സംഗമം നടത്താൻ യുഡിഎഫ് നിർബന്ധിതമായി. രാഹുലിന്റെ വ്യക്തിപ്രഭാവംകൊണ്ടുമാത്രം തെരഞ്ഞെടുപ്പു ജയിക്കില്ലെന്നു യുഡിഎഫിനു ബോധ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയും യുഡിഎഫിനെയും കടുത്ത സമ്മർദത്തിലാക്കാൻ എൽഡിഎഫിനു കഴിഞ്ഞു. വയനാട്ടിൽ എൽഡിഎഫ് നടത്തിയ ഉശിരൻ പോരാട്ടം കേരളത്തിലെ ഇതര മണ്ഡലങ്ങളിലും മുന്നണിയുടെ പ്രചാരണ പരിപാടികൾക്കു ആവേശം പകർന്നു. കേരളത്തിൽ അലയടിക്കുമെന്നു യുഡിഎഫ് അവകാശപ്പെട്ട രാഹുൽ തരംഗത്തെ ഇല്ലാതാക്കാൻ ശക്തമായ പ്രചാരണത്തിലൂടെ എൽഡിഎഫിനു കഴിഞ്ഞതായും യോഗം വിലയിരുത്തി.