മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ നിരവിധി ബോളിവുഡ് താരങ്ങൾ സമ്മതിദാനാവകാശം വിനയോഗിച്ചു. മുംബൈയിലെ ആറെണ്ണമുൾപ്പെടെ മഹാരാഷ്ട്രയിലെ 17 മണ്ഡലങ്ങളിലാണ് ഇന്നലെ പോളിംഗ് നടന്നത്.
അമീർ ഖാൻ, പ്രിയങ്ക ചോപ്ര, രേഖ എന്നിവർ ആദ്യ മണിക്കൂറിൽത്തന്നെ വോട്ട് രേഖപ്പെടുത്തി. ഗായിക ആശാഭോസ്ലെ, താരങ്ങളായ ഹൃത്വിക് റോഷൻ, വിദ്യാബാലൻ, ഇംമ്രാൻ ഹാഷ്മി, കങ്കണ റണവത്, വരുൺ ധവാൻ, സഞ്ജയ് ദത്ത്, ഭാര്യ മന്യ, ഗാനരചയിതാക്കളായ ജാവേദ് അക്തർ, ഗുൽസാർ, നിർമാതാക്കളായ രാകേഷ് ഓം പ്രകാശ് മെഹ്റ, പ്രേം ചോപ്ര എന്നിവർ വോട്ട് രേഖപ്പെടുത്തി.
വൈൽ പരേലിൽ നടനും ബിജെപി എംപിയുമായ പരേഷ് റാവൽ വോട്ട് രേഖപ്പെടുത്തി.
അഞ്ചു വർഷം കൂടി വരുന്ന വളരെ പ്രധാനപ്പെട്ട ദിനമാണിന്ന്. അതിനാൽ എല്ലാവരും ഇതു പ്രയോജനപ്പെടുത്തണമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം നടി കങ്കണ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് രാജ്യം ഏറ്റവും നീചമായ അവസ്ഥയിലാണ് അതിനാൽ വളരെയധികം ആളുകൾ പോളിംഗ് ബൂത്തിലെത്തി ഇന്ത്യക്കായി വോട്ടു ചെയ്യണമെന്നും അവർ പറഞ്ഞു.
പുതിയ ചിത്രത്തിന്റെ പ്രമോഷൻ ജോലികൾക്കായി അഹമ്മദാബാദിലേക്ക് പോകുന്നതിനു മുന്പ് ടൈഗർ ഷറോഫും താര സുതാരിയയും വോട്ട് രേഖപ്പെടുത്തി. നടിയും മുംബൈ നോർത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ ഊർമിള മന്ദോത്കർ ആദ്യം വോട്ട് ചെയ്തവരിൽ പെടുന്നു.
രാജ്യത്തിനുവേണ്ടി നല്ലതു ചെയ്യുന്നതിനെക്കാൾ വലിയ അനുഭൂതിയില്ല. അതിനാൽ എല്ലാവരും പൗരത്വ അവകാശം വിനയോഗിച്ച് കടമ നിർവഹിക്കുക- വോട്ട് രേഖപ്പെടുത്തിയ ശേഷം ഊർമിള മാധ്യമങ്ങളോട് പറഞ്ഞു. മഷി പുരണ്ട വിരലിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് വോട്ട് ചെയ്യാൻ താരങ്ങൾ ആരാധകരോട് ആഹ്വാനം ചെയ്തു. പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, അനുപം ഖേർ, സോണാലി ബെന്ദ്ര, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവർ ട്വിറ്ററിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. അമൃത റോ, രാഹുൽ ബോസ്, കുനാൽ കോഹ്ലി, രവി കിഷൻ എന്നിവരും സമ്മതിദാനാവകാശം വിനയോഗിച്ചു.