കൊച്ചി: കോളജുകളിൽ കൂട്ടമായോ ഒറ്റയ്ക്കോ എത്തി വോട്ട് ചോദിക്കുന്നതു പെരുമാറ്റച്ചട്ട ലംഘനമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. കോളജുകൾ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്.
സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല. കേരളത്തിൽ പതിവായി ഇത്തരം പ്രചാരണം നടക്കാറുണ്ടെന്നു മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കീഴ്വഴക്കങ്ങൾ ലംഘിക്കാനില്ലെന്നും ആലോചിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്നു പറഞ്ഞിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ടുള്ള ഏതു വിഷയവും തെരഞ്ഞെടുപ്പിൽ ഉയർത്താം. അയ്യപ്പന്റെ പേരു പറഞ്ഞു വോട്ടു ചോദിക്കാൻ പാടില്ല. പെരുമാറ്റച്ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കു വിവരം കൈമാറാൻ സി വിജിൽ എന്ന മൊബൈൽ ആപ്ലിക്കേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.
പെരുമാറ്റച്ചട്ടലംഘനങ്ങൾ മൊബൈൽഫോണിൽ പകർത്തി കണ്ട്രോൾ റൂമിലേക്ക് അയയ്ക്കാം. സന്ദേശം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ കേസ് രജിസ്റ്റർ ചെയ്യും. നൂറു മിനിറ്റിനുള്ളിൽ നടപടി കൈക്കൊള്ളും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ ശുചിത്വമിഷനുമായി ആലോചിച്ചു മാർഗനിർദേശം തയാറാക്കി സർക്കാർ ഉത്തരവായി ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.