പാലക്കാട്: ജില്ലയിൽ പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മുണ്ടൂർ ആര്യനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 23ന് രാവിലെ എട്ടുമുതൽ ആരംഭിക്കും. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം ഉൾപ്പെടെയുള്ള പതിനാല് നിയമസഭാ നിയോജക മണ്ഡലങ്ങൾക്കായി 14 കൗണ്ടിംഗ് ഹാളുകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.
750 ഓളം കൗണ്ടിംഗ് സ്റ്റാഫുകളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ തരൂരും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ മലന്പുഴ, ഷൊർണ്ണൂർ, ഒറ്റപ്പാലം ഒഴികെ ബാക്കി നിയോജക മണ്ഡലങ്ങൾക്കായി വോട്ടെണ്ണൽ കേന്ദ്രത്തിൽ 14 കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിക്കുക. മലന്പുഴ, ഷൊർണ്ണൂർ, ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം 200 ൽ അധികമായതിനാൽ 17 കൗണ്ടിംഗ് ടേബിളുകളും തരൂർ നിയോജക മണ്ഡലത്തിൽ ബൂത്തുകളുടെ എണ്ണം കുറവായതിനാൽ പത്തും കൗണ്ടിംഗ് ടേബിളുകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കുന്നത്.
ആദ്യം എണ്ണുന്നത് പോസ്റ്റൽ, സർവീസ് വോട്ടുകൾ
രണ്ടു ലോക്സഭാമണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകർക്കു പുറമെ വോട്ടെണ്ണലിനായി പ്രത്യേക കൗണ്ടിംഗ് നിരീക്ഷകനും ഉണ്ടാവും. ജില്ലാ വരണാധികാരി കൂടിയായ ജില്ലാകലക്ടറുടെ മേൽനോട്ടത്തിൽ പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യമെണ്ണുക.
തുടർന്ന് 14 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ അതത് എ.ആർ.ഒ.മാരുടെ നേതൃത്വത്തിൽ നടക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ മുഴുവൻ വോട്ടെണ്ണൽ പൂർത്തിയായതിനുശേഷം 14 നിയോജക മണ്ഡലങ്ങളിൽ നിന്നും അഞ്ച് ബൂത്തുകൾ നറുക്കിട്ടെടുത്ത് വിവിപാറ്റ് മെഷീനുകളിലെ വോട്ട് എണ്ണുന്നതായിരിക്കും. ഇലക്ഷൻ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് നറുക്കിട്ട് ബൂത്തുകൾ തിരഞ്ഞെടുക്കുന്നത്.
ഏജന്റുമാരെ നിയോഗിക്കാം
വോട്ടെണ്ണൽ ദിനത്തിൽ സ്ഥാനാർഥികൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലെ ഓരോ കൗണ്ടിംഗ് ടേബിളുകളിലും കൗണ്ടിങ് ഏജന്റുമാരെ നിയോഗിക്കാം. മുണ്ടൂർ ആര്യാനെറ്റ് ഇൻസ്റ്റിട്ട്യൂട്ടിൽ 14 ഹാളുകളിലായാണ് പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിലുള്ള ഓരോ നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ നടത്തുന്നത്.
പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ ഷൊർണൂർ, ഒറ്റപ്പാലം, മലന്പുഴ എന്നീ നിയമസഭാ മണ്ഡലങ്ങൾക്കായി 17 ഉം പട്ടാന്പി, കോങ്ങാട്, മണ്ണാർക്കാട്, പാലക്കാട് എന്നിവയ്ക്കായി 14ഉം കൗണ്ടിംഗ് ടേബിളുകളാണ് ക്രമീകരിക്കുക. ആലത്തൂർ മണ്ഡലത്തിലെ തരൂരിന് പത്തും മറ്റു നിയമസഭാ മണ്ഡലങ്ങൾക്കായി 14 കൗണ്ടിംഗ് ടേബിളുകളും ഉണ്ട്.
കൂടാതെ ഇരു ലോക്സഭാ മണ്ഡലങ്ങളിലേയും അഞ്ച് പോസ്റ്റൽ ബാലറ്റ് ടേബിളുകളിലേക്കും ഓരോരുത്തരെ വീതവും ഇ.ടി.പി.ബി (ഇലക്ട്രോണിക് ട്രാൻസ്മിഷൻ പോസ്റ്റൽ ബാലറ്റ്) സ്്കാനിങിനായും ഒരു കൗണ്ടിങ് ഏജന്റിനെയും നിയോഗിക്കാം. ഇരു ലോക്സഭാ മണ്ഡലത്തിലും അഞ്ച് പോസ്റ്റൽ ബാലറ്റ് ടേബിൾ വീതവും ഒരു ഇ.ടി.പി.ബി സ്കാനിങ് സംവിധാനവുമാണുള്ളത്.
ഇതുകൂടാതെ ഓരോ നിയമസഭാ മണ്ഡലങ്ങളിലുമുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ നടപടികൾ പരിശോധിക്കുന്നതിനും ഓരോ ഏജന്റുമാരെ സ്ഥാനാർഥികൾക്ക് നിയോഗിക്കാവുന്നതാണ്. ഇതുപ്രകാരം പാലക്കാട് മണ്ഡലത്തിലെ ഓരോ സ്ഥാനാർഥിക്കും 120 കൗണ്ടിങ് ഏജന്റുമാരെയും ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് 107 കൗണ്ടിംഗ് ഏജന്റുമാരെയും നിയോഗിക്കാവുന്നതാണ്.
ശക്തമായ സുരക്ഷാക്രമീകരണങ്ങൾ
പാലക്കാട്: വരണാധികാരി അനുവദിക്കുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് വോട്ടെണ്ണൽ കേന്ദ്രം പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർത്ഥികളുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റിന്റെയും വാഹനങ്ങൾക്കു മാത്രമേ പരിസരത്തേക്ക് പ്രവേശിക്കാൻ സാധിക്കൂ.
പൊതുജനങ്ങളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും വാഹനങ്ങൾക്കായി കോന്പൗണ്ടിനു പുറത്ത് പാർക്കിംഗ് സൗകര്യമേർപ്പെടുത്തും. ജോയിന്റ് ആർ.ടി.ഒ.യ്ക്കാണ് മേൽനോട്ട ചുമതല. കൗണ്ടിംഗ് ഹാളുകളുടെ സുരക്ഷാ ചുമതല ജില്ലാ പോലീസ് മേധാവിക്കാണ്. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി ആവശ്യമായ പോലീസ്, കേന്ദ്രസേന വിഭാഗത്തെയും വിന്യസിക്കും. ഓരോ കൗണ്ടിംഗ് ഹാളും സിസിടിവി നിരീക്ഷണത്തിലായിരിക്കും.
കൂടാതെ വോട്ടെണ്ണുന്നത് ചിത്രീകരിക്കാൻ ഓരോ ഹാളിലും വീഡിയോഗ്രാഫർമാരെ നിയോഗിക്കും. കൗണ്ടിംഗ് ഹാളിനുള്ളിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ തുടങ്ങിയവരുടെ മൊബൈൽ ഫോണ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സാമഗ്രികൾ ഹാളിനുപുറത്ത് എ.ആർ.ഒ.മാരുടെ മേൽനോട്ടത്തിൽ സൂക്ഷിക്കുന്നതാണ്. മാധ്യമ പ്രവർത്തകർക്കായി മീഡിയ റൂം സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.