പാലക്കാട്: വോട്ടെണ്ണൽ ദിവസം ജില്ലയിൽ സുരക്ഷയൊരുക്കാൻ 1706 പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചു. വോട്ടെണ്ണൽ കേന്ദ്രമായ മുണ്ടൂർ ആര്യാനെറ്റ് ഇൻസ്റ്റിട്ട്യൂട്ടിൽ മാത്രമല്ല ജില്ലയിലെ മുഴുവൻ പ്രശ്നബാധിത പ്രദേശങ്ങളിലും പോലീസ് പട്രോളിംഗും കർശന പരിശോധനയും ശക്തമാക്കി സുരക്ഷയൊരുക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.
വോട്ടെണ്ണൽ കേന്ദ്രത്തിൽ രണ്ട് ഡിവൈഎസ്പി, രണ്ട് ഐ.ഒ.പി, ഒന്പത് എസ്.ഐ/എ.എസ്.ഐ, 90 സി.പി.ഓ എന്നിങ്ങനെ 102 പേരെയും പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടിക്കായി 142 എസ്.ഐ/എ.എസ്.ഐ, 884 സിവിൽ പോലീസ് ഉദ്യോഗസ്ഥർ അടക്കം 1026 പോലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. ഇതിന് പുറമെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 82 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കും.
ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാഷ്ട്രീയ, വർഗീയ കേസുകളിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി പ്രത്യേക നിരീക്ഷണം ഏർപ്പാടാക്കിയിട്ടുണ്ട്. അക്രമസാധ്യത മുൻനിർത്തി കരുതൽ തടങ്കലിൽ പാർപ്പിക്കാനും ജില്ലാപോലീസ് മേധാവി അനുമതി നൽകിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പോളിങ് ദിവസത്തിലും പ്രശ്നങ്ങൾ ഉണ്ടായ പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കും.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രധാന പാതകളിൽ വാഹന പരിശോധനയും പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.പ്രധാന പാർട്ടി ഓഫീസുകൾ, രാഷ്ട്രീയ, തൊഴിലാളി, സർവീസ് സംഘടന ഓഫീസുകൾ എന്നിവിടങ്ങളിൽ സുരക്ഷ കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കും.
പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ വീടുകൾക്കും പാർട്ടി ഓഫീസുകൾക്കും സുരക്ഷയൊരുക്കും. അക്രമ സംഭവങ്ങളുണ്ടാകുന്ന സ്ഥലത്ത് ഉടൻ എത്തിച്ചേരാവുന്ന രീതിയിൽ പോലീസ് ആസ്ഥാനത്ത് ടിയർഗ്യാസ് ടീമിനെയും സജ്ജമാക്കും. വോട്ടെണ്ണലിനുശേഷം നടത്തുന്ന പ്രകടന ജാഥകളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസിനെ വിന്യസിക്കും.