ബംഗളൂരു: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലാണ്. രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടന്നു. വെള്ളിയാഴ്ചയായിരുന്നു കർണാടകയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ്. നാലു ബംഗളൂരു മണ്ഡലങ്ങൾ ഉൾപ്പെടെ 14 സീറ്റിൽ ജനം വിധിയെഴുതി. കർണാടകയിൽ ആകെ 28 സീറ്റാണുള്ളത്.
കർണാടയിൽ ആദ്യഘട്ടത്തിലെ വോട്ടർമാരിൽ സൂപ്പർസ്റ്റാർ ഒരു യുവതിയായിരുന്നു. മണ്ഡ്യയിലെ കലേനഹള്ളി ഗ്രാമത്തിലെ സോണിക വോട്ട് ചെയ്യാൻ യാത്രയ്ക്കായി ചെലവഴിച്ച തുകയാണ് അവരെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. ഒന്നരലക്ഷത്തിലേറെ രൂപയാണ് വോട്ട് ചെയ്യാൻ സോണികയ്ക്കു വന്ന ചെലവ്. ലണ്ടനിൽനിന്നെത്തിയ സോണിക കലേനഹള്ളി സർക്കാർ സീനിയർ പ്രൈമറി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.
ബംഗളൂരു നഗരത്തിലെ മണ്ഡലങ്ങളിൽ അന്പതു ശതമാനത്തോളം പേർ മാത്രമാണു വോട്ട് ചെയ്തതെന്നിരിക്കെ സോണികയുടെ വോട്ടിനു മൂല്യമേറെയാണ്. ഇത്രയേറെ പണം ചെലവഴിച്ച് ആരെങ്കിലും വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് സോണിക പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: “വോട്ട് നമ്മുടെ അവകാശമാണ്, അവഗണന കൂടാതെ നിസംഗത കാണിക്കാതെ സമ്മതിദാനാവകാശം വിനിയോഗിക്കുക’.