ഋഷി
തൃശൂർ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളിലേക്കെത്തുക രണ്ടരലക്ഷം ലിറ്റർ സാനിറ്റൈസർ.
കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താൻ സാനിറ്റൈസറില്ലാതെ സാധിക്കില്ലെന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 34,774 പോളിംഗ് സ്റ്റേഷനുകളിലേക്കും ഏഴു ലിറ്റർ വീതം സാനിറ്റൈസറാണ് എത്തിക്കുന്നത്. ആകെ 2,43,418 ലിറ്റർ സാനിറ്റൈസറാണ് ഒരുക്കുന്നത്.
റിസർവ് എന്ന നിലയ്ക്കും കുറച്ചധികം സ്റ്റോക്കു ചെയ്യും. ഓരോ പോളിംഗ് സ്റ്റേഷനിലേക്കും അഞ്ചു ലിറ്ററിന്റെ ഒരു ക്യാനും അരലിറ്റർ വീതമുള്ള നാലു ബോട്ടിലുകളുമാക്കിയാണ് സാനിറ്റൈസറുകൾ നൽകുക.
വോട്ടർമാരുടെ കൈകൾ സാനിറ്റൈസ് ചെയ്യുന്നതിന് ഒരു പോളിംഗ് അസിസ്റ്റന്റ് എല്ലാ ബൂത്തിലുമുണ്ടാകും. വോട്ടർമാർ വോട്ടു ചെയ്യാൻ പോളിംഗ് ബൂത്തിനകത്തേക്ക് കയറുന്പോഴും വോട്ടു ചെയ്തു കഴിഞ്ഞ് പുറത്തിറങ്ങുന്പോഴും കൈകൾ സാനിറ്റൈസ് ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
പെഡലിൽ ഘടിപ്പിച്ച സാനിറ്റൈസറുകൾ എവിടെയും ഉണ്ടാകില്ല. പോളിംഗ് ബൂത്തിൽ സാനിറ്റൈസറിന് പുറമെ സോപ്പും വെള്ളവും കൈ കഴുകാൻ സജ്ജമാക്കും.
ആരോഗ്യവകുപ്പിനു കീഴിലാണ് സാനിറ്റൈസർ തയ്യാറാക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥർക്കായി ഫേസ് ഷീൽഡ്, മാസ്കുകൾ, ഗ്ലൗസുകൾ എന്നിവയും ലക്ഷക്കണക്കിന് ആവശ്യമാണ്.