കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വിഞ്ജാപനത്തിനു മുമ്പേ വോട്ടുതേടി ഇന്റലിജന്‍സ്. പ്രളയം മുതല്‍ ശബരിമല സ്ത്രീപ്രവേശനം വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ കുറിച്ചുള്ള വോട്ടര്‍മാരുടെ അഭിപ്രായമാണ് ശേഖരിക്കുന്നത്.
അതേസമയം വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരില്‍ നിന്നുള്ള അഭിപ്രായം സ്വീകരിക്കരുതെന്നും നിഷ്പക്ഷ വോട്ടര്‍മാരുടെ അഭിപ്രായമാണ് ആവശ്യമെന്നുമാണ് ആഭ്യന്തരവകുപ്പ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം. പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും നേരിട്ട് സര്‍വേ പോലെ വിവരങ്ങള്‍ ശേഖരിക്കരുതെന്നും സംസാരത്തിനിടെ ലഭിക്കുന്ന സൂചനകളില്‍ നിന്നും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തിരിച്ചറിയണമെന്നുമാണ് നിര്‍ദേശം.
പ്രാദേശികമായി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വികാരം വോട്ടായി മാറുമ്പോള്‍ ആര്‍ക്കാണ് ഗുണം ചെയ്യുകയെന്നത് മുന്‍കൂട്ടി കണ്ടെത്താനാണ് അഭിപ്രായം ശേഖരിക്കുന്നത്. തെരഞ്ഞെടുപ്പ് വിഞ്ജാപനം വരുന്നതിനു മുമ്പു തന്നെ ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ ഓരോ റേഞ്ചില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ശേഖരിക്കാനാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ സീറ്റ് വിഭജനംവരെ ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന. അതേസമയം ഓരോ പ്രദേശത്തുമുള്ള നിഷ്പക്ഷ വോട്ടര്‍മാരെ കണ്ടെത്തുന്നതിനായി പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രദേശിക പ്രവര്‍ത്തകരെയാണ് ഇന്റലിജന്സുദ്യോഗസ്ഥര് ആശ്രയിക്കുന്നത്.പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ക്കിടയില്‍ നുഴഞ്ഞു കയറി അവരുടെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രളയത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ വഹിച്ച പങ്കിനെ പൊതുജനങ്ങള്‍ എങ്ങനെ കാണുന്നുവെന്നും ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ കുറിച്ചുള്ള പൊതുജനാഭിപ്രായവും ശേഖരിച്ചുവരികയാണ്. ഇതിനുപുറമേ പ്രദേശികമായ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും അഭിപ്രായം ശേഖരിക്കുന്നുണ്ട്. ഗെയില്‍ സമരം, കീഴാറ്റൂര്‍ സമരം തുടങ്ങിയവയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വോട്ടര്‍മാര്‍ക്കിടയിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും വിശദമായി പരിശോധിക്കുന്നുണ്ട്.