കൽപ്പറ്റ: കാലം മാറി, ബാലറ്റ് പെട്ടിക്ക് പകരം വോട്ടിംഗ് യന്ത്രങ്ങളെത്തി, മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയും അടിമുടി മാറുകയാണ്.
സാങ്കേതികയുടെ മുന്നേറ്റത്തിൽ റോബോട്ടിനും ഇനി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ജില്ലയിൽ വോട്ടർ ബോധവത്കരണത്തിന് ഇതാദ്യമായി വോട്ട് കുഞ്ഞപ്പൻ റോബോട്ടും നാട്ടിലിറങ്ങി.
വയനാട് എൻജിനിയറിംഗ് കോളജാണ് വോട്ട് കുഞ്ഞപ്പൻ വേർഷൻ 15.0 എന്ന പേരിൽ കുഞ്ഞൻ റോബോട്ടിനെ കളത്തിലിറക്കിയത്.
ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ രൂപ സാദൃശ്യമുള്ള റോബോട്ട് വോട്ടർമാർക്കുള്ള നിർദ്ദേശങ്ങളെല്ലാം പറഞ്ഞു തരും. ഇവയെല്ലാം ആനിമേഷൻ രൂപത്തിൽ സ്ക്രീനിൽ യഥാസമയം തെളിയുകയും ചെയ്യും.
പൊതു ഇടങ്ങളിൽ വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ചാറ്റ് ബോർഡ് എന്ന സംവിധാനവും റോബോട്ടിലുണ്ട്. സ്വീപ് വെബ്സൈറ്റ് ഓപ്പണ് ചെയ്യാനുള്ള ക്യു ആർ കോഡും കുഞ്ഞപ്പനിൽ സജ്ജീകരിച്ചിട്ടുണ്ട്.
വയനാട് എൻജിനീയറിംഗ് കോളജിലെ പ്രിൻസിപ്പൽ ഡോ.അനിത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.എം. അനസ്, അധ്യാപകരായ സി.ജെ. സേവ്യർ, ആർ. വിപിൻരാജ്, കെ.പി. മഹേഷ്, വിദ്യാർഥികളായ എജുലാൽ, അവിൻബാബു എന്നിവരടങ്ങുന്ന സംഘമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റോബോട്ട് നിർമ്മിച്ചത്.
ചാർജ് ചെയ്താൽ മണിക്കുറുകളോളം തെരഞ്ഞെടുപ്പ് സേവനത്തിന് കുഞ്ഞപ്പൻ തയാറാണ്.
കരുത്തുറ്റ ജനാധിപത്യ ത്തിന് വിപുലമായ പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്വീപ്പ് വിവിധ പരിപാടികൾ ജില്ലയിൽ ഇതിനകം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
ആദിവാസി മേഖലയിലടക്കം വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങൾ ഉൗർജിതമാണ്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ വോട്ട് കുഞ്ഞപ്പനും ഇനി തിരക്കിട്ട ജോലി തിരക്കിലായിരിക്കും.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള വോട്ട് കുഞ്ഞപ്പനെ ജോലിയിൽ ചേർത്തു.
അസിസ്റ്റന്റ് കളക്ടർ ഡോ.ബൽപ്രീത് സിംഗ്്, ജില്ലാ പ്ലാനിംഗ് ഓഫീസർ മുരളീധരൻ നായർ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സുഭദ്രാ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.