കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കൂടുതല്‍ ന്യൂനപക്ഷവോട്ടുകളിലേക്ക് ലക്ഷ്യം വച്ച് സിപിഎം. കഴിഞ്ഞ തവണ സംപൂജ്യരായിപോയ മലബാറില്‍ ഇത്തവണ നേട്ടമുണ്ടാക്കാന്‍ ന്യൂനപക്ഷവോട്ടുകള്‍ കൂടുതല്‍ ലഭിച്ചേതീരുവെന്നാണ് സിപിഎം കരുതുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലുണ്ടാകുന്ന ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മുന്നില്‍ക്കണ്ട് അസംതൃപ്തരായ ലീഗ്, സമസ്ത നേതാക്കളെ ഒപ്പം കൂട്ടാനാണ് ശ്രമം.
ഇടത് അനുകൂല ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മയ്ക്ക് പി.ടി.എ. റഹിം എംഎല്‍എ, മുസ് ലിം ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരിക്കേ നടപടി നേരിട്ട് പാര്‍ട്ടിയില്‍നിന്നു പുറത്തായ കെ.എസ്. ഹംസ, ഐഎന്‍എല്‍ നേതാവ് പ്രഫ. എ.പി.അബ്ദുല്‍ വഹാബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം.ഒരു സ്ഥിരംസമിതിയായി രൂപീകരിച്ചിട്ടില്ലെങ്കിലും ഇതിനായുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പത്തോളം പേര് ഉള്‍പ്പെട്ട താത്കാലിക സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നല്കി. സമിതിയുടെ ഔദ്യോഗിക പ്രഖ്യാപന സമ്മേളനം ഉടന്‍ ഉണ്ടാകും.
അടുത്തകാലത്തായി മുസ് ലിം ലീഗും സമസ്ത നേതാക്കളും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ മുതലെടുക്കാൻ ഇരുവിഭാഗങ്ങളിലെയും അതൃപ്തിയുള്ളവരെ സമീപിച്ചുള്ള ചര്‍ച്ചകളും നേതാക്കളുടെ ഭാഗത്തുനിന്നു നടക്കുന്നുണ്ട്. നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മലബാറിലുടനീളം ഇതുമായി ബന്ധപ്പെട്ടചര്ച്ചകള് നടന്നിരുന്നു.
ഇടതുകോട്ടയാണെങ്കിലും കണ്ണൂരും കോഴിക്കോടും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതിനെ തുണച്ചിരുന്നില്ല. ന്യൂന പക്ഷവോട്ടുകള്‍ അപ്പാടെ കോണ്‍ഗ്രസിലേക്ക് പോയതാണ് പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍പോലും കനത്ത തോല്‍വി നേരിടാന്‍ കാരണമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. ഇതിനൊരുപരിഹാരമെന്ന രീതിയിലാണ് പുതിയ ചര്‍ച്ചകള്‍ ഉരുത്തിരിയുന്നത്.
സ്വന്തം ലേഖകന്‍