ചെറുതോണി: വാത്തിക്കുടിക്കാരുടെ വോട്ട് നോട്ടയ്ക്കെന്ന്. ഇടത്, വലത് മുന്നണികളെ മാറി മാറി ജയിപ്പിച്ചിട്ടുള്ള വാത്തിക്കുടിക്കാർ പട്ടയ വിഷയത്തിൽ ഉടക്കി നിൽക്കുകയാണ് ഇത്തവണ.
ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ പട്ടയത്തിനായി ഏഴര പതിറ്റാണ്ടായി കാത്തിരിക്കുന്ന നിരവധി കർഷകരുള്ള പഞ്ചായത്താണ് വാത്തിക്കുടി. വാത്തിക്കുടിയുടെ തെരുവോരങ്ങളിൽ മലയോര മക്കൾക്ക് പട്ടയം ലഭിക്കാൻ ലോകാവസാനമാകണോഎന്ന ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത് വർഷങ്ങളായി കാണാം.
ഇരു മുന്നണിയെയും മാറി മാറി ജയിപ്പിച്ച് പാർലമെന്റിലും നിയമസഭയിലും എത്തിച്ചിട്ടും ഇവിടുത്തെ പട്ടയ പ്രശ്നത്തിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ചുറ്റുവട്ടത്തുള്ള കർഷകർക്ക് പട്ടയം ലഭിച്ചിട്ടും വാത്തിക്കുടിയിലെ കർഷകർക്ക് പട്ടയം ലഭിച്ചിട്ടില്ല.ഇതാണ് നോട്ടയിൽ നോട്ടമിടാൻ കാരണം.