കൊണ്ടോട്ടി: കോവിഡ് -19നെ തുടർന്ന് കൂട്ടത്തോടെ നാട്ടിലെത്തിയ പ്രവാസികളെ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടർപട്ടികയിൽ ചേർക്കാൻ രാഷ്ട്രീയ പാർട്ടികളുടെ മത്സരം.
കഴിഞ്ഞ മേയ് ഏഴു മുതൽ ഇന്നലെ വരെ മൂന്നര ലക്ഷത്തിലേറെ പ്രവാസികളാണ് നാട്ടിൽ മടങ്ങി എത്തിയത്. ഇവരിൽ ഭൂരിഭാഗം പേർക്കും വോട്ടർപട്ടികയിൽ പേരില്ല.
കോവിഡ് മൂലം തിരിച്ച് ഗൾഫിലേക്ക് മടക്കം വൈകുമെന്നതിനാൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ കച്ചക്കെട്ടിയിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കുളള വോട്ടർപട്ടിക പുതുക്കുന്ന നടപടികളാണ് ആരംഭിച്ചത്.
ഈ മാസം 26 വരെയുളള ദിവസങ്ങളിലാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാനും, ആവശ്യമായ ഭേതഗതികൾ വരുത്താനും അനുമതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ 23ന് വിചാരണ പൂർത്തിയാക്കി സെപ്തംബർ 26ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
പൂർണമായും ഓണ്ലൈനിലാണ് പേരു ചേർക്കൽ നടപടികൾ ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഫോട്ടോ, പേര്, മേൽവിലാസം, വീട്ട്നന്പർ, ജനനതീയതി, മൊബൈൽ നന്പർ, അടുത്ത ബന്ധുവിന്റെ വോട്ടർപട്ടികയിലെ സീരിയൽ നന്പർ, ബൂത്ത് നന്പർ എന്നിവ ചേർത്ത് നൽകിയാൽ വോട്ടർപട്ടികയിൽ ഇടം പിടിക്കും.
കോവിഡിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ പരമാവധി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനാണ് പാർട്ടികൾ ശ്രമിക്കുന്നത്. മടങ്ങിയെത്തിയവരുടെ വിവരങ്ങളും ശേഖരിച്ച് പ്രാദേശിക തലത്തിൽ പാർട്ടികൾ മൽസരിക്കുകയാണ്.
വർഷങ്ങളായി കുടുംബത്തോടൊപ്പം കഴിയുന്നവരാണ് മടങ്ങിയെത്തിയവരിൽ പലരും. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ വിജയ-പരാജയങ്ങൾ നിർണയിക്കുന്നത് ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലാണ്. ആയതിനാൽ തന്നെ വോട്ടർ പട്ടികയിൽ ഒരാളെ അധികം ചേർക്കാനാണ് പാർട്ടികൾ മൽസരിക്കുന്നത്.