മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ കന്നിവോട്ടർമാർക്കു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൃക്ഷത്തൈ വിതരണം. 650 വോട്ടർമാർക്കാണ് ഒരു തൈ വീതം നൽകിയത്. ഓരോ ബൂത്തുകളിലും വോട്ടുചെയ്തു മടങ്ങുമ്പോഴാണു കന്നിവോട്ടർമാർക്കു വൃക്ഷത്തെ വിതരണം ചെയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ കണ്ണവത്തെ വനംവകുപ്പിന്റെ നഴ്സറിയിൽ നിന്നാണു വിവിധതരം വൃക്ഷത്തെകൾ മട്ടന്നൂരിലെത്തിച്ചത്. ഓരോ ബൂത്തുകളിലും 10 മുതൽ 18 വരെയുള്ള കന്നിവോട്ടർമാരാണുള്ളത്. വൃക്ഷത്തെക്കൊപ്പം പരിസ്ഥിതി സൗഹൃദമായ കയർകൊണ്ടു നിർമിച്ച കൊട്ടയും നൽകുന്നുണ്ട്. 70 രൂപ വിലമതിക്കുന്ന വൃക്ഷത്തൈയും കുട്ടയുമാണു വിതരണം ചെയ്തത്.
നെല്ലി, വേപ്പ്, പേര, ഞാവൽ, ലക്ഷ്മി തരു, ഉറു മാമ്പഴം എന്നീവയാണു വോട്ടർമാർക്കു നൽകുന്നത്. ഇന്നലെ വൈകുന്നേരത്തോടെ 35 വാർഡുകളിലും തൈകൾ എത്തിച്ചിരുന്നു. രാവിലെ തന്നെ ഓരോ ബൂത്തുകളിലെയും കന്നി വോട്ടർമാർ വോട്ടു രേഖപ്പെടുത്തി വൃക്ഷത്തൈ വാങ്ങി മടങ്ങിയിരുന്നു.