അമരത്തിലെ അച്ചൂട്ടി കൊന്പൻ സ്രാവിനെ നടുക്കടലിൽ വലവീശി പിടിക്കുന്നത് തിയറ്ററിൽ കണ്ട് കൈയടിച്ച ഇരിങ്ങാലക്കുടക്കാർ സ്രാവുകൾക്കൊപ്പം നീന്തിയ ആൾ തങ്ങളുടെ നാട്ടിലെത്തുമെന്ന് അന്ന് കരുതിയിട്ടുണ്ടാവില്ല.
എന്തായാലും ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും മുന്നേ തന്നെ സംഗമേശ്വരന്റെ നാട്ടിലെത്തി പണി തുടങ്ങി.
അതാണ് ദീർഘവീക്ഷണം ദീർഘവീക്ഷണം എന്നു പറയുന്നത്.
അല്ല ഇരിങ്ങാലക്കുടയിൽ ബിജെപിക്ക് ഒരു സ്ഥാനാർഥി പുറത്തു നിന്നു വേണമായിരുന്നോ എന്ന് ചായക്കടകളിലും നാൽക്കവലകളിലും ചോദ്യമുയരുന്നുണ്ട്. ഇവിടെ നിൽക്കാൻ കൊതിച്ച വരെ കുളം തൊടീക്കാതെ അപ്പുറത്തേക്ക് ചാടിച്ചുവിട്ടില്ലേ..അതാണ് കളി.
ട്രാക്ടർ ഓടിക്കുന്ന കർഷകൻ എന്ന ചിഹ്നം വരച്ചുണ്ടാക്കാൻ വലിയ പാടാണെന്ന് തെരഞ്ഞെടുപ്പിന് ചുമരെഴുതുന്ന ആർട്ടിസ്റ്റുകൾ പറഞ്ഞു കേട്ടു. ആ ചിഹ്നം കിട്ടിയ ആൾ പക്ഷേ ഉത്സാഹത്തിലാണ്.
കഴിഞ്ഞ തവണ അപ്രതീക്ഷിതമായി ബ്രെയ്ക്കു പൊട്ടി വഴിയിൽ കിടന്നെങ്കിലും ഇത്തവണ അതുണ്ടാവില്ലെന്നാണ് ഉണ്ണിയാടന്റെ മനക്കോട്ട.
ഭാവഭേദങ്ങളില്ലാതെ സ്വന്തം ഭാര്യയുടെ സ്ഥാനാർഥിത്വം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന് ഭാര്യയുടെ യോഗ്യതകളെക്കുറിച്ച് ഒട്ടും സംശയമില്ല.
ബയോഡാറ്റയൊക്കെ കൈയിലുണ്ടെന്നായിരുന്നു അന്ന് അദ്ദേഹം സ്ഥാനാർഥിയായ ഭാര്യയെക്കുറിച്ച് മാധ്യമങ്ങളോടു പറഞ്ഞത്.
എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ, ഇരിങ്ങാലക്കുടയില്‍ ബിന്ദു ടീച്ചറ് ജയിച്ചാൽ… ഇത്രയേറെ വിദ്യാഭ്യാസ യോഗ്യതയുള്ള ടീച്ചറ് തന്നെയാവില്ലേ മ്മടെ വിദ്യാഭ്യാസ മന്ത്രി എന്നാരോ ചോദിച്ചു.
ന്റമ്മേ… എന്ന ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്റിന്റെ പ്രശസ്തമായ ഡയലോഗ് ആരോ ട്രോളി…
അല്ല സ്രാവിനൊപ്പം നീന്തിയ ആള് കുറച്ചുകാലം 20 ട്വന്റിയിലായിരുന്നില്ലേ..പിന്നെന്തേ സ്രാവ് ആ കുളത്തിൽ നിന്നും ഈ കടലിലേക്ക് ചാടി എന്ന ഡൗട്ടും വോട്ടർമാർക്കുണ്ട്. ആ ചാട്ടം കൊണ്ട് ഇരിങ്ങാലക്കുടയിൽ ഒരു കുളം കലങ്ങി എന്നതുമാത്രമാണ് സംഭവിച്ചത്.
ഒരു പ്രഫസറെ കൊണ്ടു തന്നെ മതിയായി.. ഇനിയൊരു പ്രഫസർ അടുത്ത അഞ്ചുവർഷം ഇങ്ങോട്ടു വരേണ്ടതുണ്ടോ എന്ന് സർവേകൾ കണ്ട് ഒരു ബുദ്ധിജീവി താടി തടവി ചോദിച്ചു.
തോമസ് ഉണ്ണിയാടന്റെ കൂടെ കോണ്‍ഗ്രസുകാർ കുറവുണ്ടോ എന്ന് സംശയം തോന്നിയപ്പോൾ ഒരു കുറവുമില്ല..കട്ടയ്ക്ക് കട്ടയായി ഒപ്പമുണ്ടെന്നായിരുന്നു കോണ്‍ഗ്രസുകാരുടെ മറുപടി.
പോലീസിനെന്താ ഈ വീട്ടിൽ കാര്യം എന്ന് ഇന്നസെന്റ് ചോദിക്കും പോലെ ഇരിങ്ങാലക്കുടയിലെ കോണ്ഗ്രസുകാർക്കെന്താ കൊടുങ്ങല്ലൂരിൽ കാര്യം എന്ന് ഇന്നസെന്റായി ചോദിച്ചാൽ ട്രാക്ടറിനു സ്പീഡുകൂടും.
വോട്ടുപെട്ടി തുറക്കുന്പോൾ ഇരിങ്ങാലക്കുടക്കാരൻ ടൊവീനോയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോലെ ആരൊക്കെ ആവും !! ഏത്… അത്, പടത്തിന്റെ പേര്..തന്നെ.. അതു..കള !!!
ഗുരുവായൂരിൽ ഉപ്പും ഒപ്പും പാകത്തിന് വേണം !!
ചേട്ടാ ഉപ്പായാലും ഒപ്പായാലും അത് വേണ്ടിടത്ത് വേണ്ട പോലെ ഉപയോഗിക്കണം. അല്ലെങ്കില്‍ ഇങ്ങനെയിരിക്കും…
ഗുരുവായൂരപ്പനെ ക്ഷേത്രത്തിനു പുറത്തുനിന്ന് തൊഴുത് തിരിയുന്പോൾ ക്ഷേത്രനഗരയിലെ പ്രമുഖനായ കേന്ദ്രഭരണപാർട്ടിയിലെ നേതാക്കളിലൊരാൾ പറഞ്ഞു.
ആളെ ആർക്കും വിലയില്ലെങ്കിലും ആളുടെ ഒപ്പിന് എത്ര വിലയുണ്ടെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായിട്ടുണ്ട് എന്നൊരു ആത്മഗതവും ആ പാവം ബിജെപിക്കാരനിൽ നിന്നു കേട്ടു.
ഗുരുവായൂർക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങാൻ കൊതിച്ചുമോഹിച്ച് ന്യുമോണിയ പിടിച്ചയാളെ ഒടുവിൽ തൃശൂരിൽ കൊണ്ടിറക്കി. ഇപ്പോൾ അനിയത്തിപ്രാവിന്റെ ക്ലൈമാക്സ് പോലെയായി.
ശ്രീവിദ്യയെ ബിജെപി നേതൃത്വമായി കണക്കാക്കു… ഇങ്ങു വന്നേക്ക്… ഞാൻ നോക്കിക്കോളം… എന്ന് ദിലീപ് നായരോട്….ദിലീപിന്റെ പാർട്ടിക്കാർ കെ.പി.എ.സി ലളിത പറയും പോലെ… എടുത്തോ… എന്നിട്ട് ആ പിന്തുണ അവനങ്ങോട്ടു കൊടുത്തോ….. ഇടയിൽ സുരേഷ്ഗോപിയുടെ ഡയലോഗ് കെ.എൻ.എ ഖാദറിന് വേണ്ടിയും.
അക്ബർ ഗുരുവായൂരിന് അപരിചതനല്ല. ഖാദർ പരിചിതനായിക്കഴിഞ്ഞു. ഇനി വോട്ടർമാരെ ബൂത്തിലെത്തിക്കലാണ് പണി. ആർക്കുമില്ലാതെ പോകുന്ന ആ വോട്ടുകൾ ഏതു ഭണ്ഡാരത്തിൽ വീഴുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.
ചില രാത്രി ചർച്ചകൾ ചില ക്യാന്പുകളിൽ നടന്നെന്നും ഇവിടെ ഞങ്ങളെ ജയിപ്പിച്ചാൽ അപ്പുറത്ത് നിങ്ങളെ ജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും അപശ്രുതി പരന്നിരുന്നു.
ഓർക്കുന്പോൾ സങ്കടം നിവേദിതയുടെ കാര്യമാണ്. അവസാന നിമിഷം വരെ നിവേദിത കാത്തിരുന്നു. ഗുരുവായൂരപ്പന്റെ നാട്ടിൽ ആരു ജയിച്ചാലും നിവേദിതയുടെ കാത്തിരിപ്പ് ഇനി വീണ്ടും ഒരു അഞ്ചുവർഷം കൂടി തുടരും… അതിനുമുന്‍പ് ഒരവസരം… ന്റെ…ഗുരുവായൂരപ്പാ… !!