ന്യൂഡൽഹി: ആസാമിൽ ബിജെപി സ്ഥാനാർഥിയുടെ വാഹനത്തിൽനിന്ന് പോൾ ചെയ്ത വോട്ടിംഗ് യന്ത്രം പിടിച്ചതോടെ യന്ത്രത്തിന്റെ ആധികാരികതയിൽ ആശങ്കയറിയിച്ച് രാഷ്ട്രീയ പാർട്ടികൾ.
വിവിധ പാർട്ടി പ്രതിനിധികൾ പരാതിയുമായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു.
അതേസമയം ആസാമിലെ റതാബരിയിൽ വോട്ടെടുപ്പു കഴിഞ്ഞ യന്ത്രം ബിജെപി സ്ഥാനാർഥിയുടെ കാറിൽ കൊണ്ടുപോയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുത്തു.
ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് എത്തി. ഈ യന്ത്രം ഉപയോഗിച്ച ബൂത്തിൽ വീണ്ടും വോട്ടെടുപ്പു നടത്തുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
വോട്ടിംഗ് യന്ത്രം കടത്തിയത് തടഞ്ഞവരെ പ്രതികളാക്കി പോലീസ് കേസെടുത്തതായും റിപ്പോർട്ടുകളുണ്ട്. ആക്രമണം നടത്തിയെന്ന പേരിലാണ് തിരിച്ചറിഞ്ഞിട്ടില്ലാത്തവർക്കെതിരേ കേസ്.
കരിംഗഞ്ചിലെ ഇന്ദിരാ എം.വി സ്കൂളിലെ പോളിംഗിനുശേഷം വോട്ടിംഗ് യന്ത്രം സ്ട്രോംഗ് റൂമിലേക്കു കൊണ്ടുപോകുന്നതിനിടെ തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പാടാക്കിയ വാഹനം തകരാറായപ്പോൾ സ്വകാര്യ വാഹനം ഉപയോഗിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പതാർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൃഷ്ണേന്ദു പോളിന്റെ ഭാര്യയുടെ പേരിലുള്ള കാറിലാണ് വോട്ടിംഗ് യന്ത്രം കൊണ്ടുപോയത്. ഇക്കാര്യം അറിയാതെയാണ് കാറിൽ കയറിയതെന്ന് പോളിംഗ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ കാറിൽ ഉദ്യോഗസ്ഥർ വോട്ടിംഗ് യന്ത്രവുമായി യാത്രചെയ്യുന്ന ദൃശ്യം ഒരു മാധ്യമപ്രവർത്തകനാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ഇതോടെ സംഭവം വിവാദമാകുകയും സംഘർഷമുണ്ടാവുകയും ചെയ്തു. സ്ട്രോംഗ് റൂമിനു സമീപം പ്രതിപക്ഷം കാർ തടഞ്ഞ് ആക്രമിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്.
ഇങ്ങനെ കാർ തടഞ്ഞവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വോട്ടിംഗ് യന്ത്രം, അനുബന്ധ യൂണിറ്റുകൾ, വിവി പാറ്റ് എന്നിവയുടെ സീൽ ഭദ്രമായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി.