മലയാറ്റൂർ: താലികെട്ട് ദിവസംതന്നെ വോട്ടെടുപ്പ് വന്നെങ്കിലും വധൂവരന്മാർ വോട്ട് മുടക്കിയില്ല.
മലയാറ്റൂർ പാലാട്ടി സെബിയും തൃശൂർ അരണാട്ടുകര ചാലിശേരിക്കാരി റോസ്മിയുമാണു വിവാഹവേഷത്തിൽ ബൂത്തിലെത്തി വോട്ടു ചെയ്തത്.
മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലായിരുന്നു ഇവരുടെ വിവാഹം. റോസ്മിക്ക് അരണാട്ടുകര തരകൻസ് സ്കൂളിലായിരുന്നു വോട്ട്.
രാവിലെ വിവാഹവസ്ത്രമണിഞ്ഞു വോട്ടുചെയ്തശേഷമാണു റോസ്മി താലികെട്ടിനായി സെബിയുടെ നാടായ മലയാറ്റൂരിലേക്കു പുറപ്പെട്ടത്.
11.30 ഓടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. മലയാറ്റൂർ സെന്റ് തോമസ് സ്കൂളിലായിരുന്നു സെബിയുടെ വോട്ട്.
താലികെട്ടിനുശേഷം നവവധുവിനെയും കൂട്ടി സെബി വോട്ടു ചെയ്യാൻ ബൂത്തിലെത്തി. അവിടെനിന്നാണു നവദന്പതികൾ വിവാഹസത്കാരത്തിനെത്തിയത്.