പത്തനംതിട്ട: വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുമ്പില്‍ ആള്‍ക്കൂട്ടം പൂര്‍ണമായി നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ്ലോഹിത് റെഡ്ഡി.
വോട്ടെണ്ണല്‍ ക്രമീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദേശങ്ങള്‍ കൈമാറി.
ഇന്നു രാവിലെ ഏഴിന് ശേഷം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവായിട്ടുള്ള ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ കൗണ്ടിംഗ് ഏജന്റുമാര്‍ ഹാജരാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
കൗണ്ടിംഗ് ഏജന്റുമാരുടെ ലിസ്റ്റ് ജില്ലാ പോലീസ് മേധാവിക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈമാറണം. കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ . അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിലായി ഉണ്ടാകും.
ഓരോ നിയോജക മണ്ഡലത്തിലും നിയോഗിക്കപ്പെടുന്ന കൗണ്ടിംഗ് ഏജന്റുമാരുടെ നിശ്ചിത എണ്ണംപേരെ കോവിഡ് പരിശോധനയ്ക്ക് റിസര്‍വായി രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാക്കണം.
ഓരോ നിയോജക മണ്ഡലത്തിലും നിയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ കൗണ്ടിംഗ് ഏജന്റുമാരില്‍ പകുതി പേര് പിപിഇ കിറ്റ് ധരിച്ചിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
വോട്ടെണ്ണലിനു നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടിംഗ് ഏജന്റുമാരും എന്‍95 മാസ്ക് തന്നെ ധരിച്ചിരിക്കണം.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തെര്‍മല്‍ സ്കാനര്‍, സാനിടൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയവ റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം.
വിജയിയായ സ്ഥാനാര്‍ഥിക്ക് ഒപ്പം പരമാവധി രണ്ടു പേര്‍ക്കേ റിട്ടേണിംഗ് ഓഫീസറുടെ ചേംബറിലേക്കു പ്രവേശിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാകുവെന്നും കളക്ടര്‍ വ്യക്തമാക്കി.
പാര്‍ട്ടി ഓഫീസുകളിലും ആഘോഷങ്ങള്‍ പാടില്ല
പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജയാഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി പറഞ്ഞു.
ആളുകള്‍ കൂട്ടം കൂടിയുള്ള ആഹ്ലാദ പ്രകടനങ്ങളും റോഡ് ഷോയും അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കും.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തകരുടെ കൂട്ടം കൂടിയുള്ള ആഹ്ലാദ, ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണം. വോട്ടെണ്ണലിനായി നിയോഗിക്കുന്നവര്‍ ഫെയ്സ് ഷീല്‍ഡ് ധരിക്കുന്നതു നല്ലതായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ശാരീരിക അകലം പാലിക്കുന്നതിനു റിട്ടേണിംഗ് ഓഫീസര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കണം.
കൗണ്ടിംഗ് ഏജറ്റുമാര്ക്കു കോവിഡ് പരിശോധന സൗജന്യമായി ലഭ്യമാക്കാന്‍ അധികൃതര്‍ തയാറാകണമെന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
പരിശോധനാ ഫലം വൈകാന്‍ ഇടയുണ്ടാകരുതെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.