കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷൻ വികസിപ്പിച്ചെടുത്ത പുതിയ മൊബൈൽ ആപ്പ് -വോട്ടർ ഹെൽപ്പ്ലൈൻ- ഉപയോഗിച്ച് വോട്ടർമാർക്ക് ഇനി വീട്ടിലിരുന്നും വോട്ടർ പട്ടികയിൽ പേരുചേർക്കാം. ഇതിലൂടെ രാജ്യത്തെന്പാടുമുള്ള സമ്മതിദായകർക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും ഒരിടത്തുനിന്നു ലഭ്യമാക്കുക എന്നതാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ലക്ഷ്യം.
വോട്ടർക്ക് ഈ ആപ്പിലൂടെ തിരിച്ചറിയൽ കാർഡിലെ നന്പർ ഉപയോഗിച്ച് താനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആപ്ലിക്കേഷൻ വഴി തെരയാവുന്നതാണ്. കൂടാതെ വോട്ടർക്ക് മറ്റൊരു നിയോജകമണ്ഡലത്തിലേക്ക് ഷിഫ്റ്റ് ചെയ്യൽ, ഓവർസീസ് വോട്ടർമാർക്കുള്ള സേവനങ്ങൾ, വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യൽ, പരാതികൾ നൽകൽ, എതിർപ്പ് പ്രകടിപ്പിക്കൽ, പ്രവാസി വോട്ടർമാർക്കുള്ള സേവനങ്ങൾ, തുടങ്ങിയ സേവനങ്ങൾ ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.
തെരഞ്ഞെടുപ്പ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാനും അതിന്റെ ഡിസ്പോസൽ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ആപ്പിലൂടെ സാധിക്കും. ഒരു നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പട്ടികയിലെ ഒരു എൻട്രി അതേ പട്ടികയുടെ മറ്റൊരു ഭാഗത്തേക്ക് നീക്കുന്നതിനും ഈ മൊബൈൽ ആപ്പു വഴി സാധിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോർട്ടലിൽ നിന്നു തത്സമയം ഡാറ്റ ഇതുവഴി ലഭ്യമാക്കുന്നുണ്ട്. വോട്ടർമാരെ പ്രചോദിപ്പിക്കുയും ബോധവത്കരിക്കുന്നതിനും ഈ ആപ്പ് പ്രയോജനപ്പെടും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് വോട്ടർ ഹെൽപ്പ്ലൈൻ എന്ന മൊബൈൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.