തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റുന്നത് അടക്കം പക്ഷപാതപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. വട്ടിയൂർക്കാവിൽ അടക്കം ഇത്തരം ക്രമക്കേട് നടന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കാൻ ബന്ധപ്പെട്ട ജില്ലാ കളക്ടർമാരോടു നിർദേശിച്ചിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം അറിയിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്കു രാഷ്ട്രീയം കാണും. എന്നാൽ, തെരഞ്ഞെടുപ്പു സമയത്ത് ഉദ്യോഗസ്ഥർക്കു രാഷ്ട്രീയം പാടില്ല. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപിയുടെയും മറ്റിടങ്ങളിൽ മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു. ഒരു ബൂത്തിൽ നിന്ന് 25 മുതൽ 40 വരെ വോട്ടർമാരെ ഒഴിവാക്കിയതായി ചൂണ്ടിക്കാട്ടി ബിജെപി വട്ടിയൂർക്കാവ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയചന്ദ്രന്റെ നേതൃത്വത്തിലാണു പരാതി നൽകിയത്.