തൃശൂര്‍: വോട്ടര്‍പട്ടികയുടെ പേരില്‍ തെരഞ്ഞെടുപ്പ് വൈകിക്കില്ലെന്നും ഇക്കാര്യത്തില്‍ കമ്മീഷന്റെ നിര്‍ദേശമനുസരിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി എ.സി. മൊയ്തീന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിച്ചതിനു പിന്നാലെ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
2001 സെന്‍സസിലെ ജനസംഖ്യ പ്രകാരമാണു നിലവില്‍ വാര്‍ഡുകള്‍ വിഭജിച്ചിരിക്കുന്നത്. ഇതു കാലഹരണപ്പെട്ടു. 2011ലെ ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള വാര്‍ഡ് വിഭജനമാണിപ്പോള് നടക്കുന്നത്. അതുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി വിധിയില്‍ നടപടി സ്വീകരിക്കേണ്ടതു തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
യഥാസമയം തെരഞ്ഞെടുപ്പ് നടക്കുന്നതിനെ ഭയക്കുന്നതിനാലാണു വോട്ടര്‍പട്ടികയുടെ പേരില്‍ യുഡിഎഫ് കോടതിയെ സമീപിച്ചത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 2.51 കോടിയായിരുന്നു വോട്ടര്‍മാര്‍. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2.61 കോടിയായി. 10 ലക്ഷം വോട്ടര്‍മാരുടെ മാറ്റമാണുള്ളത്.
സമയബന്ധിതമായി തെരഞ്ഞെടുപ്പു നടത്തുകയെന്നതാണു സര്‍ക്കാര്‍ നിലപാട്. മറ്റു സാങ്കേതിക പ്രശ്നങ്ങളില്ലെങ്കില്‍ യഥാസമയം തെരഞ്ഞെടുപ്പ് നടത്തി നവംബറില്‍ പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കും. സര്‍ക്കാരിന് ഇതില്‍ മറ്റ് അഭിപ്രായങ്ങളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.