
സിജോ പൈനാടത്ത്
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു 2015 ലെ വോട്ടര്‍പട്ടിക ആധാരമാക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധിക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷന് അപ്പീല്‍ പോകാന്‍ തീരുമാനിച്ചാൽ തെരഞ്ഞെടുപ്പു നടപടികള്‍ നീളാൻ സാധ്യത.
അപ്പീലുണ്ടായാല് കോടതി നടപടികള്ക്കുണ്ടായേക്കാവുന്ന സ്വാഭാവികമായ കാലതാമസത്തിനു പുറമേ, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള ലക്ഷക്കണക്കിന് അപേക്ഷകളുടെ സൂക്ഷ്മപരിശോധന, വാര്‍ഡ് വിഭജന പ്രക്രിയകള്‍ എന്നിവയും വൈകും.
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,076 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റികളിലെ 3,086 വാര്‍ഡുകള്‍, ആറു കോര്‍പറേഷനുകളിലെ 414 വാര്‍ഡുകള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ ആവശ്യമാണ്.
തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ പ്രാഥമിക നടപടിയായ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതു കോടതി വ്യവഹാരങ്ങളില്‍ കുരുങ്ങി നീളുന്നതു തെരഞ്ഞെടുപ്പു കമ്മീഷനും പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും തലവേദനയാകും.
ഒരിക്കല്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തവര്‍, വീണ്ടും അതിനായുള്ള നടപടിക്രമങ്ങള്‍ ആവര്ത്തിക്കേണ്ടിവരുന്നതു വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണു തെരഞ്ഞെടുപ്പു കമ്മീഷനെതിരേ യുഡിഎഫ് അനുകൂല സംഘടനകള്‍ കോടതിയെ സമീപിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പില്‍ ജീവനക്കാരുടെ കുറവു മൂലം പല പദ്ധതികളും ഇഴയുന്ന സാഹചര്യത്തില്‍, വോട്ടര്‍പട്ടിക പുതുക്കലിന്റെ ജോലിഭാരം കൂടിവരുന്നതു പ്രതിസന്ധിയാകുമെന്നും ഇവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തുന്നതിന് ഇതു തടസമാകുമെന്നു ഹര്‍ജിക്കാരായ കേരള പഞ്ചായത്ത് എംപ്ലോയിസ് ഓര്ഗനൈസേഷന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
16.5 ലക്ഷം അപേക്ഷകളാണു വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിന്റെ സൂക്ഷ്മ പരിശോധനയും അനുബന്ധ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷമേ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാകൂ. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും ഗവര്‍ണറുടെ അനുമതിയായിട്ടില്ല.
വാര്‍ഡ് വിഭജനത്തില്‍ പരാതികളോ കോടതി വ്യവഹാരങ്ങളോ ഉണ്ടായാല്‍ അതു തീര്‍പ്പാക്കാനും സമയം വേണ്ടിവരും. ഇതിനിടെ തെരഞ്ഞെടുപ്പു കൃത്യസമയത്തു നടത്തുമെന്നു കമ്മീഷന് ഇന്നലെയും വ്യക്തമാക്കിയിട്ടുണ്ട്.