കൊല്ലം: വോട്ടർ പട്ടികയിലെ പേര് നീക്കലുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം സ്ഥിരീകരിക്കുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലെയും സ്ഥിതിയെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത് 1295042 വോട്ടർമാരാണ്. 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇത് 1259400 ആയി കുറഞ്ഞു. നിലവിലുണ്ടായിരുന്ന വോട്ടർമാരെ വൻതോതിൽ ഏകപക്ഷീയമായി ലിസ്റ്റിൽ വെട്ടി നിരത്തി എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.
2016-നെ അപേക്ഷിച്ച് പുതിയ വോട്ടർമാർ കൂടി ചേരുന്പോൾ വൻ വർധന ഉണ്ടാകേണ്ട സ്ഥാനത്ത് കാര്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. 2014-16 കാലയളവിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ വർധന 80,058 വോട്ടുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുപ്രകാരം 2016-19 കാലയളവിൽ ഉണ്ടാകേണ്ട സ്വാഭാവിക വർധന ഏകദേശം 1,20,000 വോട്ടുകളാണ്. എന്നാൽ 2016-ൽ നിന്ന് 2019 ആയപ്പോൾ സ്വാഭാവിക വർധന ഉണ്ടായില്ലെന്ന് മാത്രമല്ല 35642 വോട്ടുകൾ കുറയുകയും ചെയ്തു.
ഫലത്തിൽ 2019-ആകുന്പോൾ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ സ്വാഭാവികമായി ഉണ്ടാകേണ്ട ഏകദേശം 1,50,000 ലക്ഷം വോട്ടുകൾ കുറവുണ്ടായി. വോട്ടർ പട്ടികയിൽ സർക്കാർ തലത്തിൽ ആസൂത്രിതമായ ഗുരുതര ക്രമക്കേടുകൾ നടത്തിയെന്ന് വ്യക്തമാകുന്നതാണ് കണക്കുകളെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കൊല്ലം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള സർക്കാർ അനുകൂല സംഘടനാ ഉദ്യോഗസ്ഥരെയും ബിഎൽഒമാരെയും ദുരുപയോഗം ചെയ്താണ് വോട്ടർ പട്ടികയിൽ വെട്ടിനിരത്തൽ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനെ സംബന്ധിച്ച് സ്വതന്ത്ര ഏജൻസിയെ കൊണ്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ സത്വര നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
2016-19 കാലയളവിൽ പുനലൂർ അസംബ്ലി മണ്ഡലത്തിൽ 4638, ചവറ-5619, ചടയമംഗലം-4281, കുണ്ടറ-4844, കൊല്ലം-7811, ഇരവിപുരം-5081, ചാത്തന്നൂർ-3368 എന്നിങ്ങനെയാണ് വോട്ടർ പട്ടികയിൽ കുറവ് വന്നിട്ടുള്ളത്. പോലീസ് അസോസിയേഷനെ മുൻ നിർത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നടത്തിയ ശ്രമങ്ഹളെ സംബന്ധിച്ച് സ്വതന്ത്ര ഏജൻസിയെ കൊണ്ട് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണം.
തെരഞ്ഞെടുപ്പ് പ്രക്രിയക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താൻ നിയോഗിച്ച പോലീസ് സേനയിലെ വോട്ടവകാശം പോലും സ്വതന്ത്രമായി വിനിയോഗിക്കാൻ അവസരം നിഷേദിക്കുന്ന സംസ്ഥാന സർക്കാർ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.പോലീസിനെ രാഷ്ട്രീയവത്ക്കരിച്ച് സ്വതന്ത്രമായ സമ്മതിദാനാവകാശത്തെ നിയമവിരുദ്ധ മാർഗങ്ങളിലൂടെ സംഘടിതമായി അട്ടിമറിക്കുന്നത് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ആദ്യ സംഭവമാണ്.
കൊല്ലം ലോക്സഭാ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ കൈവശപ്പെടുത്താൻ സ്ഥലംമാറ്റ ഭീഷണിയും ലീവ് നിഷേധിക്കലും ഉൾപ്പെടെ പോലീസിൽ നടക്കുന്ന നിയമവിരുദ്ധ നടപടികളുടെ ആസൂത്രണ വേളയിൽ തന്നെ ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയതാണ്.ഏപ്രിൽ 30, മേയ് രണ്ട്, ഏഴ് എന്നീ ദിവസങ്ങളിൽ പരാതികൾ നൽകിയിട്ടുംഅതിന്മേൽ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായില്ല.
കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ചില അസോസിയേഷൻ ഭാരവാഹികൾ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും നേതൃത്വത്തിലും നൂറുകണക്കിന് പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ സമാഹരിച്ച് വ്യാജ ഒപ്പിട്ട് വോട്ട് രേഖപ്പെടുത്തി നിക്ഷേപിക്കുകയുണ്ടായി.തെരഞ്ഞെടുപ്പ് നീതിപൂർവകമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ ബാധ്യതയുള്ളവർ സർക്കാരിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചതാണ് പ്രശ്നം വഷളാക്കിയത്.
പോലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ഭരണാനുകൂല സംഘടനയായ പോലീസ് അസോസിയേഷൻ മുഖേനെ വ്യാപകമായി സമാഹരിച്ചുവെന്ന് ഇതിനകം തന്നെ തെളിഞ്ഞിരിക്കയാണ്. ജനാധിപത്യത്തെ അട്ടിമറിക്കാൻ സിപിഎം അനുകൂല പോലീസ് അസോസിയേഷൻ നടത്തിയ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഉയർന്നുവന്ന നിരവധി പരാതികൾ അവഗണിച്ചതാണ് പ്രശ്നം ഇത്രമേൽ ഗുരുതരമാക്കിയതെന്നും എംപി പറഞ്ഞു.