ഓരോ തെരഞ്ഞെടുപ്പു വരുന്പോഴും ഗുജറാത്തിലെ ഗീർ വനത്തിനുള്ളിലെ ബനേജ് എന്ന സ്ഥലത്തേക്ക് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം എത്തും. വനത്തിൽ ഏതാണ്ട് 35 കിലോമീറ്റർ ഉള്ളിലാണ് ഈ സ്ഥലം. അപൂർവയിനം മൃഗങ്ങളും പക്ഷികളുമൊക്കെയുള്ള ഇടം. അവിടെ ഒരു വോട്ടർക്കുവേണ്ടിയാണ് ഉദ്യോഗസ്ഥസംഘത്തിന്റെ യാത്ര. ആ വോട്ടറാണ് മഹന്ദ് ഭാരത്ദാസ് ദർശൻദാസ്.
കാട്ടിലെ ഒരന്പലത്തിൽ പൂജാരിയാണ് അദ്ദേഹം. താമസം ഒറ്റയ്ക്ക്. അതുകൊണ്ടുതന്നെ കാട്ടിനുള്ളിൽ ഒരു പോളിംഗ് ബൂത്ത് ഒരുക്കുകയല്ലാതെ അധികൃതർക്കു വേറെ വഴിയില്ല.
അറുപത്തഞ്ചിലേറെ വയസുള്ള ദർശൻദാസിനെ കണ്ടാൽ സാധാരണ പൂജാരിയുടെ രീതിയല്ല. കിടിലൻ കൂളിംഗ് ഗ്ലാസ്, അറ്റംകെട്ടിയൊതുക്കിയ നീണ്ട വെള്ളത്താടി, കഴുത്തിലൊരു മാല എന്നിവ നിർബന്ധം. വേഷം കാവിതന്നെ. കാട്ടിൽ വൈദ്യുതിയോ ഫോണോ വിനോദോപാധികളോ ഒന്നുമില്ലെങ്കിലും അദ്ദേഹം സന്തോഷവാനാണ്. ചെറുപ്പത്തിലേ പഠിപ്പുനിർത്തി കാടുകയറിയശേഷം മറ്റൊന്നും ചിന്തിച്ചിട്ടില്ല.
തനിക്കുവേണ്ടി അധികൃതർ നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം ബഹുമാനത്തോടെയാണ് കാണുന്നത്. തന്നെ പ്രത്യേകം പരിഗണിക്കുന്നു എന്നതിൽ സന്തോഷവുമുണ്ട്. എന്റെ വോട്ട് പ്രധാനമാണ്. അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോൾ ഒരൊറ്റ വോട്ടിന് ഗവണ്മെന്റ് താഴെവീണ സംഭവം ഓർമയില്ലേ. അതുകൊണ്ട് ഒരു വോട്ടിനും കാര്യങ്ങൾ മാറ്റാനാവുമെന്നുറപ്പ്- അദ്ദേഹം ഒരിക്കൽ പറഞ്ഞതിങ്ങനെ.
ഒരു പൗരനെയും വോട്ടുചെയ്യാനായി രണ്ടു കിലോമീറ്ററിലധികം ദൂരം യാത്രചെയ്യിക്കരുതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടം. നിയമം പാലിക്കുന്നതിനുള്ള പരിശ്രമങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്വത്തെ കുറിക്കുകയും ചെയ്യുന്നു.