തിരൂരങ്ങാടി: വോട്ടർ സ്ലിപ്പുകളിൽ ഡിവൈഎഫ്ഐ ലാൻഡ് മാർക്ക് കണ്ടെത്തിയതിനെ തുടർന്നു വിവാദം. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നന്പ്ര പഞ്ചായത്ത് കാളംതിരുത്തി ബൂത്തിൽ വിതരണം ചെയ്ത സ്ലിപ്പുകളിലാണ് ഡിവൈഎഫ്ഐ ലാൻഡ് മാർക്കുള്ളത്. ഇതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. സംഭവത്തിൽ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.
കാളംതിരുത്തി പ്രദേശത്തെ 93ാം നന്പർ ബൂത്തിൽ വിതരണം ചെയ്ത സ്ലിപ്പുകളിലാണ് പോളിംഗ് സ്റ്റേഷനു പുറമെ ഡിവൈഎഫ്ഐ ചീർപ്പിങ്ങൽ എന്നു രേഖപ്പെടുത്തിയിരിക്കുന്നത്. കാളംതിരുത്തി പ്രദേശത്തെ ബൂത്ത് മദ്രസയിലാണെന്നിരിക്കെ ലൊക്കേഷൻ മാപ്പിൽ ഡിവൈഎഫ്ഐ എന്നു രേഖപ്പെടുത്തിയതു വോട്ട് മറിക്കാനാണെന്നു യുഡിഎഫ് നേതൃത്വം ആരോപിച്ചു.
വെള്ളിയാഴ്ച്ച ഉച്ചയോടെ ബൂത്ത് ലവൽ ഓഫീസർ പ്രദേശത്തെ എല്ലാ വീടുകളിലും ഈ സ്ലിപ്പ് വിതരണം ചെയ്തിരുന്നു. സ്ലിപ്പിൽ രേഖപ്പെടുത്തിയത് മുഴുവൻ പരിശോധിച്ചപ്പോഴാണ് ഡിവൈഎഫ്ഐ ചീർപ്പിങ്ങൽ എന്നു രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടത്. ഇത്തരത്തിൽ രേഖപ്പെടുത്തിയിടത്തു മറ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നതിനാൽ സ്ലിപ്പ് ഡിവൈഎഫ്ഐ പ്രവർത്തകർ വിതരണം ചെയ്തതാണെന്നേ ധരിക്കൂവെന്നുംകൃത്രിമം നടത്തിയതിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നുമാണ് യുഡിഎഫിന്റെ വാദം.
കൃത്രിമം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു യുഡിഎഫ് നേതാക്കൾ നന്നന്പ്ര വില്ലേജ് ഓഫീസർക്ക് പരാതി നൽകി. വിവരം തിരൂരങ്ങാടി താലൂക്ക് തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നു വില്ലേജ് ഓഫീസർ പറഞ്ഞു. ലൊക്കേഷൻമാപ്പ് പകർത്തിയ സമയത്ത് അബദ്ധത്തിൽ സംഭവിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനാൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ വ്യക്തമാക്കി. സ്ലിപ്പ് വിതരണം താൽക്കാലികമായി പിൻവലിച്ചതായും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിൽ നിന്നുള്ള നിർദേശാനുസരണം നടപടി സ്വീകരിക്കുമെന്നു തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.