സ്വന്തംലേഖകൻ
തൃശൂർ: വോട്ടർപട്ടികയിൽനിന്നു വോട്ട് വെട്ടിമാറ്റാൻ നിർദേശിച്ചത് ഇലക്ഷൻ കമ്മീഷനാണെന്ന് ഇലക്്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാറുടെ രേഖാമൂലമുള്ള മറുപടി. വോട്ട് വെട്ടിമാറ്റിയതിന്റെ വിവരങ്ങൾ നല്കണമെന്നാവശ്യപ്പെട്ട് വിവരാവകാശരേഖ പ്രകാരം ജില്ലാ കളക്ടർക്കു നൽകിയ അപേക്ഷയിലാണ് തഹസിൽദാർ മറുപടി നൽകിയിരിക്കുന്നത്.
2016ലെ ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായാണ് നടപടിയെന്നു മറുപടിയിൽ പറയുന്നു. വോട്ടർപട്ടികയിൽനിന്ന് പേര് വെട്ടിമാറ്റാൻ ബിഎൽഒയ്ക്ക് ആരാണ് നിർദേശം നൽകിയതെന്ന ചോദ്യത്തിന്, വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി ഇലക്്ഷൻ കമ്മീഷന്റെ നിർദേശാനുസരണമാണ് ചെയ്തതെന്നാണ് മറുപടി ലഭിച്ചത്. ബൂത്ത് ലെവൽ ഓഫീസർ നല്കിയ റിപ്പോർട്ടാണ് അടിസ്ഥാനം.
എന്നാൽ, പത്തു വർഷത്തിലധികമായി ഒരേ സ്ഥലത്തുതന്നെ താമസിക്കുകയും മുന്പു നടന്ന തെരഞ്ഞടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തവരുടെ പേരുകൾ എങ്ങനെ വെട്ടിമാറ്റിയെന്നതിനു ബിഎൽഒമാർക്കും മറുപടിയില്ല. പേരു വെട്ടിമാറ്റുന്നതിനുമുന്പ് ആരോടൊക്കെയാണ് അന്വേഷിച്ചതെന്ന ചോദ്യത്തിനു പ്രാദേശികമായി അന്വേഷണം നടത്തിയെന്ന ഒഴുക്കൻരീതിയിലുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്.
ഇലക്്ഷൻ കമ്മീഷനാണ് മുഖ്യപ്രതിയെന്ന രീതിയിലാണ് ബിഎൽഒമാർ കൈയൊഴിയുന്നത്. ബിഎൽഒമാരുടെ റിപ്പോർട്ട് ശരിയാണോയെന്നു പരിശോധിക്കാതെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറാണ് പേരു വെട്ടിമാറ്റിയതിന്റെ രേഖയിൽ ഒപ്പിട്ടിരിക്കുന്നത്. ഇത്തരത്തിൽ റിപ്പോർട്ട് പരിശോധിക്കാതെ ഒപ്പിട്ടതാണ് ആയിരക്കണക്കിനാളുകളുടെ വോട്ടുകൾ വെട്ടിമാറ്റാൻ കാരണമായതെന്നു പറയുന്നു.
ബിഎൽഒമാർ പ്രാദേശികാന്വേഷണം നടത്തിയിരുന്നുവെങ്കിൽ എങ്ങനെയാണ് സ്ഥിരമായി താമസിക്കുന്നവർ വോട്ടർപട്ടികയിൽനിന്നു പുറത്തായതെന്നാണ് വോട്ട് വെട്ടിമാറ്റിയവരുടെ ചോദ്യം. വോട്ട് വെട്ടിമാറ്റിയ സംഭവം നിസാരമാക്കി തള്ളിക്കളയാനാണ് ഇലക്്ഷൻ കമ്മീഷന്റെ നീക്കം.