എം.സുരേഷ്ബാബു
തിരുവനന്തപുരം: കഴിഞ്ഞ തവണ വോട്ട് രേഖപ്പെടുത്തുകയും ഇത്തവണ വോട്ടർപട്ടികയിൽ പേരില്ലാതാവുകയും ചെയ്തവർ പരാതി നൽകിയാൽ അതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഇത്തരത്തിൽ വോട്ടവകാശം നഷ്ടപ്പെട്ടവർക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് പരാതി നൽകാമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
ഇത് സംബന്ധിച്ച് രേഖാമൂലം പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ വോട്ടർപട്ടികയിൽ പേര് ചേർത്തതെല്ലാം ഓണ്ലൈൻ സംവിധാനത്തിലൂടെയായിരുന്നു. വിദേശത്ത് നിന്നും നാട്ടിലെത്തിയ ചിലരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്തതായ വിവരം ലഭിച്ചിട്ടുണ്ട്.
വോട്ടർപട്ടികയിൽ പേരുണ്ടെന്ന കാര്യം വോട്ടർമാർ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബോധപൂർവമായി പട്ടികയിൽ നിന്നും വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുകയും നിലവിലെ വിലാസത്തിൽ സ്ഥിരതാമസക്കാരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്നും നീക്കിയതായി പരാതികൾ ലഭിച്ചാൽ വിശദമായി അന്വേഷണം നടത്തുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. അപാകതകൾ പരിഹരിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, തൃശൂർ, പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിലെ ആളുകൾക്കാണ് കൂടുതലും വോട്ടവകാശം നഷ്ടമായത്. കഴിഞ്ഞ തവണ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരിൽ ധാരാളം വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്നും നീക്കം ചെയ്തിരുന്നു. വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുൻപ് സ്ലിപ്പ് ലഭിച്ചപ്പോഴാണ് പലർക്കും വോട്ടില്ലെന്ന വിവരം മനസ്സിലായത്.
അതേ സമയം കോണ്ഗ്രസ്, ബിജെപി നേതാക്കളും സ്ഥാനാർഥികളുമാണ് കഴിഞ്ഞ തവണ വോട്ട് രേഖപ്പെടുത്തിയ ധാരാളം പേരുടെ പേരുകൾ പട്ടികയിൽ നിന്നു നീക്കം ചെയ്ത വിവരം പരസ്യമായി വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രനും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്.