തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക ഈ മാസം 17-ന് പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂരിലെ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറ് മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടത്തുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക ജനുവരി 20-ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. തുടർച്ചയായി ലോക്ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിയത്.
പൊതുതെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കമ്മീഷൻ ആരംഭിച്ചു. 17-ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിലെ വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ ക്രമീകരണം വരുത്തണം.
കരട് പട്ടിക സംബന്ധിച്ച് ലഭിച്ച അപേക്ഷകളിൽ തീർപ്പാക്കാനുള്ളവ പതിനഞ്ചിനകം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. അത്തരം അപേക്ഷകൾ സംബന്ധിച്ച് ഫോട്ടോ ഉൾപ്പെടെയുള്ള എന്തെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവ ചൊവ്വാഴ്ച മുതൽ 11 വരെ വോട്ടർമാർക്ക് നേരിട്ടോ മറ്റേതെങ്കിലും വിധത്തിലോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം.
പൊതുതെരഞ്ഞെടുപ്പിനു മുന്പ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് രണ്ട് അവസരം കൂടി നൽകും. ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിച്ചാണ് പേര് ചേർക്കുന്നതിനും ഭേദഗതികൾ വരുത്തുന്നതിനും അവസരം നൽകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് അർഹതയുള്ളവർക്കെല്ലാം വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് അവസരം ലഭിക്കും.