ജോണ്സണ് വേങ്ങത്തടം
കൊച്ചി: എറണാകുളം ജില്ലയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതോടെ അങ്കലാപ്പിലായി മുന്നണികള്‍. ട്വന്റി 20, വി ഫോര്‍ പാര്‍ട്ടി എന്നിവയുടെ സ്വാധീനം ജില്ലകളില്‍ ഉണ്ടാക്കിയ ചലനങ്ങളെ സംബന്ധിച്ചും സജീവ ചര്‍ച്ച ആരംഭിച്ചു.
യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന എറണാകുളം 2016ലെ തെരഞ്ഞെടുപ്പില്‍ ഒമ്പത് പേരെ വിജയിപ്പിച്ചിരുന്നു. അഞ്ചു പേരെയാണ് എല്‍ഡിഎഫിനു വിജയിപ്പിക്കാന്‍ കഴിഞ്ഞത്. ഇക്കുറി യുഡിഎഫ് കൂടുതല്‍ വിശ്വാസത്തിലാണ്.
2011 ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നത്. അന്നു 11 മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നു.
ഇക്കുറി അട്ടിമറി പ്രതീക്ഷിച്ചു തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയിരിക്കുന്നത്. എന്നാല്‍ ട്വന്റി 20യുടെ സാന്നിധ്യം തള്ളിക്കളയാന്‍ കഴിയില്ല. ഇവര്‍ യുഡിഎഫിനാണ് ക്ഷീണം സൃഷ്ടിക്കുന്നത്.
എറണാകുളം ജില്ലയില്‍ 74.14 വോട്ടിംഗ് ശതമാനം മാത്രമാണ് നിലവില്‍ പോള്‍ ചെയ്തിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ അഞ്ചു ശതമാനം ഉയര്‍ന്നെങ്കില്‍ മാത്രമേ കഴിഞ്ഞ പ്രാവശ്യത്തെ പോളിംഗ് ശതമാനം എത്തിച്ചേരുകയുള്ളൂ.
അതിനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തുന്നു. കഴിഞ്ഞ പ്രാവശ്യം എറണാകുളം ജില്ലയില്‍ 79.77 ശതമാനമായിരുന്നു പോളിംഗ്.
കൊവിഡിനെ ഭയന്നു വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്കു പോകാത്തതും വൈകുന്നേരങ്ങളില്‍ ആഞ്ഞടിച്ച മഴയും കാറ്റും പോളിംഗ് ശതമാനം കുറച്ചുവെന്നാണ് കരുതുന്നത്.
ആകെയുള്ള 2649340 വോട്ടര്‍മാരില്‍ 1963882 ആളുകള്‍ വോട്ട് രേഖപ്പെടുത്തി. 1295142 പുരുഷ വോട്ടര്‍മാരില്‍ 991027 ആളുകളും ( 76.51%) 1354171 വനിതാ വോട്ടര്‍മാരില്‍ 972845 വനിതകളും ( 71.84%) ജില്ലയില്‍ സമ്മതിദാനം വിനിയോഗിച്ചു.
ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിലെ 27 വോട്ടര്‍മാരില്‍ 10 പേര് വോട്ട് രേഖപ്പെടുത്തി. പോസ്റ്റല്‍ വോട്ടുകളുടെ കണക്കുകള്‍ ഉള്‍പ്പെടാതെയാണ് ജില്ലയില്‍ 74.12% പോളിംഗ്.ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ ആണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്.
151993 ആളുകള്‍ (80.97 %)ഇവിടെ വോട്ടെടുപ്പില്‍ പങ്കാളികളായി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ മണ്ഡലം എറണാകുളം ആണ്.
108448 ആളുകള്‍ വോട്ട് രേഖപ്പെടുത്തി. 65.91 ആണ് ഇവിടെ വോട്ടിംഗ് ശതമനം. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ബൂത്തിലെത്തിയതും കുന്നത്തുനാട് മണ്ഡലത്തിലാണ്.
79.45 ശതമാനം സ്ത്രീകളും ഇവിടെ വോട്ടെടുപ്പില്‍ പങ്കാളികളായി. 82.55 ശതമാനം പുരുഷന്മാരും മണ്ഡലത്തില്‍ വോട്ട് ചെയ്യാനായി ബൂത്തിലെത്തി.
കഴിഞ്ഞ പ്രാവശ്യം പെരുമ്പാവൂരിലെ പോളിംഗ് ശതമാനം 83.91 ആയിരുന്നു. എന്നാല്‍ നിലവില്‍ പോളിംഗ് ശതമാനം പെരുമ്പാവൂരില്‍ കുറവാണ്.
76.32 മാത്രമാണ്. പോസ്റ്റല്‍ വോട്ടുകളുടെ ശതമാനം കൂടി ചേര്‍ക്കപ്പെടുമ്പോള്‍ പെരുമ്പാവൂര്‍ കയറി വരുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
യുഡിഎഫിലെ എല്‍ദോസ് കുന്നപ്പിള്ളിയും എല്‍ഡിഎഫിലെ ബാബു ജോസഫും നല്ല പ്രതീക്ഷയില്‍ തന്നെയാണ്. ട്വന്റി 20യുടെ കടന്നു കയറ്റം എങ്ങനെ ബാധിക്കുമെന്ന ഭയമുണ്ട്. എങ്കിലും ജയിച്ചു കയറുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിശ്വാസം.
യുഡിഎഫിന്റെ മാത്യു കുഴല്‍നാടനും എല്‍ഡിഎഫിന്റെ എല്‍ദോ ഏബ്രാഹവും മത്സരിക്കുന്ന മണ്ഡലത്തില്‍ ഇപ്പോഴത്തെ പോളിംഗ് ശതമാനം 73.53 മാത്രമാണ്. കഴിഞ്ഞ പ്രാവശ്യം 79.79 ശതമാനമായിരുന്നു.
പോസ്റ്റല്‍ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ പോളിംഗ് ശതമാനം വര്‍ധിക്കുമെന്ന കണക്കുകൂട്ടലുണ്ട്. ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയും കാറ്റും വോട്ടര്‍മാരെ വീട്ടിലിരുത്തി എന്ന നിഗമനം ശക്തമാണ്. എന്നാല്‍ ഏഴുവരെ പോളിംഗ് നടന്നിട്ടും മുന്നണികള്‍ക്കു വോട്ടര്‍മാരെ വീട്ടില്‍നിന്നും പുറത്തിറക്കാന്‍ കഴിഞ്ഞില്ല.
കോവിഡിനെ ഭയന്നു വീട്ടിലിരുന്ന മധ്യവയസ്ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നു. കോതമംഗലത്ത് കഴിഞ്ഞ പ്രാവശ്യത്തെ പോളിംഗ് ശതമാനം 80.09മായിരുന്നു.
ഇക്കുറി ഇതുവരെ 76.77 മാത്രമാണ് എ്ത്തിയിരിക്കുന്നത്. യുഡിഎഫിന്റെ ഷിബു തെക്കുംപുറവും എല്‍ഡിഎഫിലെ ആന്റണി ജോണുമാണ്.
ട്വന്റി 20യുടെ ഡോ. ജോ ജോസഫിന്റെ സാന്നിധ്യവും മണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഒരു അട്ടിമറിയിലൂടെ മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.
പിറവത്തെ വോട്ടിംഗ് ശതമാനം കുറയാന്‍ കാരണം ഉച്ചകഴിഞ്ഞുള്ള മഴയും കാറ്റുമാണ്. ഇലഞ്ഞി മേഖലകളില്‍ കനത്ത മഴയായിരുന്നു.
ഇതെല്ലാം വോട്ടിംഗിനെ ബാധിക്കാനുള്ള സാധ്യതയുണ്ട്. 72.46 ശതമാനം പോളിംഗ് മാത്രമാണ് നടന്നിരിക്കുന്നത്. ഇതു ഉയരാനുള്ള സാധ്യതയുണ്ടെങ്കിലും കഴിഞ്ഞ പ്രാവശ്യത്തെ 80.38 ശതമാനം എത്തുമോ എന്ന ആശങ്കയുണ്ട്.
യുഡിഎഫിന്റെ അനൂപ് ജേക്കബും എല്‍ഡിഎഫിന്റെ സിന്ധുമോള്‍ ജേക്കബും തമ്മിലാണ് പ്രധാനമത്സരം.
ട്വന്റി 20 ജയിക്കാനോ അല്ലെങ്കില്‍ തോല്പിക്കാനോ കഴിയുന്ന ശക്തിയായി കുന്നത്തുനാട് മണ്ഡലത്തില്‍ വളര്‍ന്നു കഴിഞ്ഞു. ഇവരുടെ സാന്നിധ്യത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഇവിടെ വോട്ടു ചെയ്തിട്ടുണ്ട്.
ഇത് ട്വന്റി 20 തങ്ങള്‍ക്ക് അനുകൂലമായി കരുതുന്നു. കുന്നത്തുനാട്ടില്‍ കഴിഞ്ഞ പ്രാവശ്യം 85.63 ശതമാനമാണ് പോളിംഗ് നടന്നത്. ഇപ്പോള്‍ നിലവില്‍ 80.99 ശതമാനമാണ്.
ഇതു ഉയരൂമെന്ന പ്രതീക്ഷയിലാണ്. പോളിംഗ് ശതമാനം വര്‍ധിക്കുമ്പോള്‍ മുന്നണികള്‍ ആശങ്കപ്പെടുകയും ആശ്വാസം കൊള്ളുകയും ചെയ്യുന്നുണ്ട്.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ശബരിമല വിഷയം നന്നായി കത്തിയെന്നു തന്നെയാണ് പൊതുവേ വിലയിരുത്തുന്നത്. ഇവിടെ പോളിംഗ് ശതമാനം 73.11 ആണെങ്കിലും കഴിഞ്ഞ പ്രാവശ്യത്തെ അടുത്തെത്തുമെന്ന വിശ്വാസം മുന്നണികള്‍ കാത്തു സൂക്ഷിക്കുന്നു.
കഴിഞ്ഞ പ്രാവശ്യം 77.7 ശതമാനമായിരുന്നു പോളിംഗ്. കെ. ബാബുവിലൂടെ മണ്ഡലം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍.
എന്നാല്‍ ശബരിമല വിഷയം സജീവമായി നിന്നതു കൊണ്ടു ബിജെപിക്ക് നേട്ടമാകുമെന്നു എന്‍ഡിഎ പ്രതീക്ഷിക്കുന്നു. എന്നാല്‍ സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ് മുന്നോട്ടു പോകുന്നു.
കൊച്ചിയിലും എറണാകുളത്തും കഴിഞ്ഞ പ്രാവശ്യത്തെ അടുത്ത പോളിംഗ് ശതമാനം ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്.
പോളിംഗ് കുറയുമ്പോള്‍ അതു എല്‍ഡിഎഫിനു നേട്ടമാകുമെന്ന ധാരണ പൊതുവേ പരന്നിട്ടുണ്ടെങ്കിലും പോളിംഗ് കുറഞ്ഞ പ്രാവശ്യവും യുഡിഎഫ് എറണാകുളത്ത് ജയിച്ചിട്ടുണ്ട്.
എറണാകുളത്തു ഇക്കുറി 65.91ശതമാനമാണ് പോളിംഗ്. 2016ല്‍ അതു 71.6 ശതമാനമായിരുന്നു. കൊച്ചിയിലും പോളിംഗ് ശതമാനം വര്‍ധിക്കുമെന്ന പ്രതീക്ഷ. മുന്നണികള്‍ ശക്തമായ അവകാശവാദം ഉന്നയിക്കുന്നതും പോളിംഗ് ശതമാനത്തെ നോക്കിയാണ്.
കഴിഞ്ഞ പ്രാവശ്യം 72.24 ആയിരുന്നെങ്കില്‍ ഇക്കുറി 69.81 വരെ എത്തിയിട്ടുണ്ട്. ഇത് ഇനിയും ഉയരാനാണ് സാധ്യത. യുഡിഎഫ് വലിയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് തൃക്കാക്കര.
ഇവിടെ പോളിംഗ് ശതമാനം 69.27 വരെ എത്തിയിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം 74.47 ശതമാനമായിരുന്നു. അത്രയും എത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
പോളിംഗ് ശതമാനം കുറയുമ്പോള്‍ അട്ടിമറിയുണ്ടാകുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. യുഡിഎഫിന്റെ സീറ്റായ അങ്കമാലിയില്‍ റോജി എം ജോണിനെതിരേ മത്സരിച്ചതു പരിചയസമ്പന്നനായ ജോസ് തെറ്റയിലാണ്.
വീറും വാശിയുമുള്ള മത്സരമായിട്ടും പോളിംഗ് ശതമാനം കഴിഞ്ഞ പ്രാവശ്യത്തെ അത്രയും എത്തിയിട്ടില്ല. കഴിഞ്ഞ പ്രാവശ്യം 82.98 ശതമാനമുണ്ടായിരുന്നു. അന്തിമ ഫലം വന്നില്ലെങ്കിലും 76.08 വരെ എത്തിയിട്ടുള്ളൂ.
ആലുവയിലും പോളിംഗ് ശതമാനം ഇപ്പോള്‍ കുറഞ്ഞാണ് നില്‍ക്കുന്നത്. അത് ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. ആലുവയില്‍ 83. ശതമാനം ഉണ്ടായിരുന്നെങ്കില്‍ ഇക്കുറി 75.39 ശതമാനം വരെ എത്തിയിട്ടുള്ളൂ.
വൈപ്പിനില്‍ പോളിംഗ് ശതമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയുണ്ട്. ഇവിടെ തീരദേശ നിയമം ബാധിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും അതിനെ തരണം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്. കഴിഞ്ഞ പ്രാവശ്യം 79.62 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 74.72 വരെ എത്തിയിട്ടുള്ളൂ. അതു ഉയരുമെന്ന പ്രതീക്ഷയുണ്ട്.
ഇരുമുന്നണികളും അടിയൊഴുക്ക് പ്രതീക്ഷിക്കുന്നമണ്ഡലമാണ് കളമശേരി. ലീഗിലെ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ യുഡിഎഫിനു മേല്‍ക്കോയ്മ ലഭിക്കും.
എന്നാല്‍ എല്‍ഡിഎഫിലെ വിഭാഗീയത മറനീക്കി പുറത്തുവന്നാല്‍ എല്‍ഡിഎഫിനു ക്ഷീണമാണ്. മറ്റൊരു ഘടകവും ഇവിടെബാധിക്കില്ല.
കഴിഞ്ഞ പ്രാവശ്യം 81.03 ശതമാനം പോളിംഗ് നടന്ന മണ്ഡലത്തില്‍ ഇക്കുറി 75.83 ശതമാനം മാത്രമാണ് പോളിംഗുള്ളത്. പറവൂരില്‍ പോളിംഗ് ശതമാനം കഴിഞ്ഞ പ്രാവശ്യത്തേക്ക് അടുത്തു വരും.
വി.ഡി സതീശന് അഞ്ചാം വട്ടം മത്സരിക്കുന്നമണ്ഡലമാണ് പറവൂര്‍. ഇവിടെ പോളിംഗ് ശതമാനം 83.45ആയിരുന്നു. ഇപ്പോള്‍ 77.15 വരെ എത്തിയിട്ടുണ്ട്.
മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം (ബ്രാക്കറ്റില്‍ 2016ലെ കണക്ക് )
പെരുമ്പാവൂര്‍- 76.32 (83.91)
അങ്കമാലി-76.08 (82.98)
ആലുവ-75.39 (83.00)
കളമശേരി-75.83 (81.03)
പറവൂര്‍-77.15 (83.45)
വൈപ്പിന്‍-74.72 (79.62)
കൊച്ചി-69.81 (72.24)
തൃപ്പൂണിത്തുറ-73.11 (77.7)
എറണാകുളം-65.91 (71.6)
തൃക്കാക്കര-69.27 (74.47)
കുന്നത്തുനാട്-80.99 (85.63)
പിറവം-72.46 (80.38)
മുവാറ്റുപുഴ-73.53 (79.79)
കോതമംഗലം- 76.77 (80.09)