അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 68 ശതമാനം പോളിംഗ്. കച്ച്, സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു. 2012ൽ 71.3 ശതമാനമായിരുന്നു പോളിംഗ്.
നിരവധി ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ പ്രവർത്തനരഹിതമായതു വോട്ടിംഗിനെ ബാധിച്ചു. സൂററ്റിൽ 70ൽ അധികം വോട്ടിംഗ് മെഷീനുകൾ പ്രവർത്തനരഹിതമായി. ഇവ പിന്നീട് മാറ്റി നൽകിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മെഷീനുകൾക്ക് തകരാർ സംഭവിച്ച ബൂത്തുകളിൽ ഒരുമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.
അതേസമയം, വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. വോട്ടിംഗ് യന്ത്രത്തിൽ ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് ബിജെപി ക്രമക്കേടു നടത്തിയെന്നാണ് ആരോപണം.
പോർബന്ദറിലെ മുസ്ലിം ഭൂരിപക്ഷമുള്ള മൂന്നു പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രവുമായി ബ്ലൂ ടൂത്ത് വഴി മറ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചെന്നു കോണ്‍ഗ്രസ് നേതാവ് അർജുൻ മോദ്വാഡിയ ആരോപിച്ചു. മൊബൈൽ ഫോണിലെ ബ്ലൂ ടൂത്ത് ഓണാക്കിയപ്പോഴാണ് ലിസ്റ്റു ചെയ്തു വന്ന സമീപ ഉപകരണങ്ങളിലൊന്ന് ഇസിഒ 105 എന്നതാണെന്നും ഇത് വോട്ടിംഗ് മെഷീനാണെന്നും കോണ്‍ഗ്രസ് പരാതിപ്പെടുന്നു.
അതേസമയം, തോൽവി ഉറപ്പാക്കിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി കുറ്റപ്പെടുത്തി.