കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ചുവീതം ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഇതുള്‍പ്പെടെ നാലു സാഹചര്യത്തിലാണ് വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക.
1. ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍.
2. ഇവിഎം ഡിസ്പ്ലേ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.
3. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ചെയ്യുന്ന മോക് പോള്‍ നീക്കം ചെയ്യാത്ത ഇവിഎമ്മിന്റെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.
4. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി ഇവിഎം ക്ലോസ് ബട്ടന് ഉപയോഗിക്കാതെ സീല്‍ ചെയ്ത ഇവിഎമ്മിന്റെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.
വോട്ടെണ്ണല്‍ ഇങ്ങനെ..
കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ ഒരു റൗണ്ടില്‍ 89 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. മൊത്തം 15 റൗണ്ടുകളിലായിട്ടാകും വോട്ടുകള്‍ എണ്ണുക. മണ്ഡലത്തില്‍ മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി നിയോജക മണ്ഡലങ്ങള്‍ക്കായി പ്രത്യേകം വോട്ടെണ്ണല്‍ റൂമുകളിലായി കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ നിയോജക മണ്ഡലത്തിലേയും വോട്ടെണ്ണല്‍ മുറികളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ(എആര്‍ഒ) നേതൃത്വത്തില്‍ ഒരു ടേബിളും കൂടാതെ നിശ്ചിത എണ്ണം കൗണ്ടിംഗ് ടേബിളുകളും ഉണ്ടാകും. ഓരോ കൗണ്ടിംഗ് ടേബിളിലും കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവരാ ണുണ്ടാകുക.
എആര്‍ഒയുടെ ടേബിള്‍ ഉള്‍പ്പെടെ ഓരോ ടേബിളിനു സമീപത്തും സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്ക് പ്രത്യേക സ്ഥലമുണ്ടാകും.
പോസ്റ്റല്‍ വോട്ടുകളും ഇവിഎം വോട്ടുകളും രാവിലെ എട്ടു മുതല്‍ എണ്ണിത്തുടങ്ങും. ഈ വോട്ടുകള്‍ എല്ലാം എണ്ണിത്തീര്ത്തതിനു ശേഷമാകും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക.