ന്യൂഡൽഹി: തെരഞ്ഞെടുപ്പുഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ(ഇവിഎം) അനധികൃത കേന്ദ്രങ്ങളിലേക്കു കടത്തിയെന്ന ആരോപണം ശക്തമാകുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ടിംഗ് മെഷീനുകൾ സ്വകാര്യ വാഹനങ്ങളിൽ കയറ്റി അനധികൃത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. വോട്ടെണ്ണലിനു മുൻപായി മെഷീനുകളിൽ കൃത്രിമം നടത്താനുള്ള ശ്രമമാണു നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ, വോട്ടിംഗിന് ഉപ യോഗിച്ച മെഷീനുകൾ എല്ലാം സ്ട്രോംഗ് റൂമുകളിൽ സുരക്ഷിതമാണെന്നു പറഞ്ഞ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആരോപണങ്ങൾ തള്ളി. ഇതു സംബന്ധിച്ച പ്രചാരണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. അധികമായി കരുതിയ മെഷീനുകൾ നീക്കുന്നതാണു ദൃശ്യങ്ങളിലെന്നു കമ്മീഷൻ പറയുന്നു. വോട്ടിംഗ് മെഷീനുകളുടെ സീലിംഗും സ്റ്റോറേജ് സംവിധാനവും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
ഓരോ സ്ട്രോംഗ് റൂമിനും കേന്ദ്ര സായുധസേനയുടെ കാവലുണ്ടെന്നും കമ്മീഷൻ അറിയിച്ചു. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടന്നു എന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ മറുപടി നൽകണമെന്നു മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചുള്ള ആരോപണങ്ങൾക്കു മറുപടി നൽകേണ്ടതും ഉൗഹാപോഹങ്ങൾ അവസാനിപ്പിക്കേണ്ടതും തെരഞ്ഞെടുപ്പു കമ്മീഷന്റെ മാത്രം ഉത്തരവാദിത്തമാണെന്നും മുഖർജി പറഞ്ഞു. യുപിയിലെ ചന്ദൗളി മണ്ഡലത്തിൽനിന്നുള്ള വോട്ടിംഗ് മെഷീനുകൾ ഒരു സ്വകാര്യ കേന്ദ്രത്തിൽ ഇറക്കിവയ്ക്കുന്ന മൊബൈൽ കാമറ ദൃശ്യങ്ങൾ തിങ്കളാഴ്ചയാണ് ആദ്യം പുറത്തു വന്നത്. സമാജ് വാദി പാർട്ടി സ്ഥാനാർഥിയുടെ അനുയായികളാണ് വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചത്.
ചന്ദൗളിയിലെ ഒരു നിയമസഭാ മണ്ഡലത്തിലേക്ക് അധികമായി കരുതിവച്ചിരുന്ന 35 വോട്ടിംഗ് മെഷീനുകളാണ് ഇതെന്നാണ് അധികൃതരുടെ വാദം. തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് മെഷീനുകൾ സ്റ്റോറേജ് റൂമിലും വോട്ടെണ്ണൽ കേന്ദ്രത്തിലും ഉണ്ട്. റിസർവ് മെഷീനുകൾ എത്തിക്കാൻ സാങ്കേതികമായ ചില തകരാറുകൾ മൂലം വൈകിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
നിയമം അനുസരിച്ച് റിസർവ് മെഷീനുകളും ഉപയോഗിച്ച മെഷീനുകൾക്കൊപ്പം തന്നെയാണ് കേന്ദ്രങ്ങളിൽ എത്തിക്കേണ്ടത്. കിഴക്കൻ ഉത്തർപ്രദേശിലെ ഗാസിപുരിൽ സ്റ്റോറേജ് റൂമിന്റെ പുറത്ത് സമാജ് വാദി പാർട്ടി സ്ഥാനാർഥി അഫ്സൽ അൻസാരിയും അണികളും കാവലിരിക്കുകയായിരുന്നു. ഒരു വാഹനത്തിൽ പുറത്തു നിന്നു കൊണ്ടു വന്ന വോട്ടിംഗ് മെഷീനുകൾ ഇവിടെ അകത്തു കയറ്റാൻ ശ്രമിച്ചു എന്നാരോപിച്ചാണിത്.
പോലീസും ജില്ലാ ഭരണകൂടവും ഇതു നിഷേധിച്ചു. ഗാസിപ്പൂരിൽ കേന്ദ്രമന്ത്രി മനോജ് സിൻഹയ്ക്കെതിരേയാണ് അൻസാരി മത്സരിക്കുന്നത്. കിഴക്കൻ യുപിയിലെ ദോമരിയാഗഞ്ചിലും മിനി ട്രക്കിൽ കൊണ്ടു വന്ന വോട്ടിംഗ് മെഷീനുകൾ സമാജ് വാദി പാർട്ടി പ്രവർത്തകർ തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് വോട്ടിംഗ് മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരിച്ചു കൊണ്ടു പോയി.
ഝാൻസി, മൗ, മിർസാപുർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വോട്ടിംഗ് മെഷീനുകളിൽ അട്ടിമറി നടക്കുന്നു എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ വോട്ടിംഗ് മെഷീനുകൾ മാറ്റിയത് ഒൗദ്യോഗിക കൃത്യമാണെന്നും സബ്ഡിവിഷണൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുമാണ് യുപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ലക്കു വെങ്കടേശ്വരലു പറഞ്ഞത്.
ബിഹാറിലെ മഹാരാജ്ഗഞ്ച്, സരണ് മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകളിലേക്ക് മെഷീനുകളുമായി എത്തിയ വാഹനങ്ങൾ കയറ്റാൻ ശ്രമിക്കുന്നതിനിടെ ആർജെഡി-കോണ്ഗ്രസ് പ്രവർത്തകർ പിടികൂടി.
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് മെഷീനുകൾ കൊണ്ടുവന്നതെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബിഡിഒയ്ക്ക് സാധിച്ചില്ലെന്നും പ്രവർത്തകർ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനു സമീപം വോട്ടിംഗ് യന്ത്രങ്ങൾ കയറ്റിയ വാഹനങ്ങൾ പല തവണ കണ്ടെന്നും ആർജെഡി ആരോപിക്കുന്നു.ഹരിയാനയിലെ ഫത്തേഹബാദിലും ഇതുപോലെ വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുവന്നതായി റിപ്പോർട്ടുണ്ട്.
സെബി മാത്യു