കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വിതരണം ചെയ്തു. ഇവ 11 നിയോജക മണ്ഡലങ്ങളിലെയും സ്ട്രോംഗ് റൂമുകളില്‍ പോലീസ് കാവലില്‍ സൂക്ഷിച്ചു. കരിക്കോട് വെയര്‍ഹൗസിംഗ് കോര്പറേഷന് ഗോഡൗണില്‍ രാവിലെ ഒന്‍പതിന് തുടങ്ങിയ വിതരണം വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്.
ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ (എആര്‍ഒ) മെഷീനുകള്‍ കൈപ്പറ്റി. ഓരോ മെഷീന്റെയും ബാര്‍കോഡുകള്‍ സ്കാന്‍ ചെയ്ത് രേഖപ്പെടുത്തിയ ശേഷമാണ് ഇവ കൈമാറിയത്. ഇവിഎം മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് രേഖപ്പെടുത്തല്‍. പത്ത് വീതം കണ്ട്രോള് യൂണിറ്റും ബാലറ്റ് യൂണിറ്റും പെട്ടിയിലാക്കും.
ഇതിന് മുന്‍പ് എആര്‍ഒമാര്‍ ഒരുതവണ കൂടി ബാര്‍കോഡ് സ്കാന്‍ചെയത് രേഖപ്പെടുത്തും. ഇവ കവചിത വാഹനത്തില്‍ പോലീസ് അകമ്പടിയോടെ അതത് നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിലെ സ്ട്രോംഗ് റൂമുകളിലെത്തിക്കും. അവിടെ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്ന കള്ളികളിലായാണ് ഇവ വയ്ക്കുക. സിസിടിവി സംവിധാനം ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്ട്രോംഗ് റൂം പരിസരത്ത് ഒരുക്കിയിട്ടുണ്ട്.
സ്ഥാനര്‍ഥികളുടെ പേരും ചിഹ്നങ്ങളും മറ്റും സ്ഥാപിക്കുന്ന ഇവിഎം കമ്മീഷനിംഗ് സമയത്ത് മാത്രമേ സ്ട്രോംഗ് റൂമില്‍ നിന്നും ഇവ പുറത്തെടുക്കുകയുള്ളു. തിരഞ്ഞെടുപ്പിന്റെ തലേദിവസം ് 22ന് ഈ യൂണിറ്റുകള്‍ പോളിംഗ് ബൂത്തുകളിലേക്ക് വിതരണം ചെയ്യും. ജില്ലയിലെ 1947 പോളിങ് സ്റ്റേഷനുകള്‍ക്കായി 2314 കണ്ട്രോള്-ബാലറ്റ് യൂണിറ്റുകളാണ് നല്‍കിയത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കൃത്യത ഉറപ്പു വരുത്തുന്നതിനുള്ള 2674 വി-വിപാറ്റ് മെഷീനുകളും (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) വിതരണം ചെയ്തു.
ഹൈദരാബാദില്‍ നിന്നാണ് വിവി പാറ്റ് മെഷീനുകള്‍ എത്തിച്ചത്. കഴിഞ്ഞ 25 ന് നടന്ന ഒന്നാം ഘട്ട റാന്റമൈസേഷന് പ്രകാരമാണ് ഇന്നലെ മെഷീനുകള്‍ വിതരണം ചെയ്തത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, ഇവിഎം നോഡല്‍ ഓഫീസര്‍ ജയന് എം ചെറിയാന്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.