അറിവും ചിന്തയും നര്‍മവും സമര്‍ഥമായി കൂട്ടിക്കലര്‍ത്തിയ രചനകളാല്‍ തമിഴിലെ മൂന്നു തലമുറകള്‍ക്ക് പ്രിയങ്കരനായി മാറിയ എഴുത്തുകാരനായിരുന്നു സുജാത. അതെ എഴുത്തുകാരന് തന്നെ. ഭാര്യയുടെ പേരായ സുജാത എന്നത് തൂലികാനാമമാക്കി എഴുതിയിരുന്നത് എസ്. രംഗരാജനാണ്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു- എന്റെ രചനകളോളം എനിക്ക് അഭിമാനം തരുന്നതാണ് ആ കണ്ടുപിടിത്തം.
ഏതു കണ്ടുപിടിത്തം എന്നു സംശയിക്കേണ്ട. അത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ആണ്! ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ എന്‍ജിനിയറായിരുന്ന രംഗരാജനാണ് വോട്ടിംഗ് യന്ത്രത്തിന്റെ ഡിസൈനിംഗില്‍ മുഖ്യപങ്കു വഹിച്ചത്. യന്ത്രത്തിന്റെ വിശ്വാസ്യതയെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ തുടക്കത്തില്‍ സാധാരണക്കാര്‍ക്കുപോലും മനസിലാവുന്ന വിധത്തില്‍ വിശദമായ ലേഖനമെഴുതിയാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഒരു കൗതുകംകൂടിയുണ്ട്- സുജാതയുടെ എന്‍ ഈനിയ ഇയന്തിര, മീണ്ടും ജീനോ എന്നീ നോവലുകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകൻ ഷങ്കര്‍ രജനീകാന്ത് ചിത്രമായ യന്തിരന് ഒരുക്കിയത്.
മൊറാർജി ദേശായിഫെബ്രുവരി 29നു ജനിച്ച പ്രധാനമന്ത്രി
ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ ജന്മദിനത്തിനുണ്ട് കൗതുകം. 1896 ഫെബ്രുവരി 29നാണു മൊറാർജിയുടെ ജനനം. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിനാണു മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജനനം. അടൽ ബിഹാരി വാജ്പേയി ജനിച്ചത് ക്രിസ്മസ് ദിനത്തിലാണ് (ഡിസംബർ 25).
പേരു പറയാന്‍ മടി,20 ലക്ഷം സ്ത്രീകള്പട്ടികയ്ക്കു പുറത്ത്!
പലപ്പോഴും കേള്‍ക്കുന്ന ഒരു പ്രയോഗമാണ് പേരു “വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത’ എന്നത്. രഹസ്യങ്ങള്‍ കൈമാറുന്നവരുമായി ബന്ധപ്പെട്ടതാണ് ആ പ്രയോഗം. എന്നാല്‍ പേരു പുറത്തുപറയാന്‍ തയാറാകാതിരുന്ന 20 ലക്ഷം വനിതകള്‍ വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തായ ചരിത്രമുണ്ട് നമ്മുടെ തെരഞ്ഞെടുപ്പിന്.
1950 ജനുവരി 26ന് റിപ്പബ്ലിക്കായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. കര്‍ക്കശക്കാരനായ സുകുമാര്‍ സെന്‍ ആണു തെരഞ്ഞെടുപ്പ് കമ്മീഷണര്‍. സര്‍വേ നടത്തിയപ്പോള്‍ത്തന്നെ പലതരം വിശ്വാസങ്ങളും അനാചാരങ്ങളും പൊങ്ങിവന്നത് പ്രധാനമന്ത്രി നെഹ്റുവിന്റെ ഉത്കണ്ഠ കൂട്ടി.
വോട്ടര്‍ പട്ടികയില്‍ പേരു വയ്ക്കാന്‍ പലയിടത്തും സ്ത്രീകള്‍ ഒരുക്കമായിരുന്നില്ല. ഭര്‍ത്താവിന്റെ പേരിന്റെ കൂടെ ഭാര്യ എന്ന് എഴുതിയാല്‍ മതിയെന്ന വിചിത്രമായ നിലപാടുകളാണു പലരും ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുകുമാര്‍ സെന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത 20 ലക്ഷം വനിതാ വോട്ടര്‍മാര്‍ അങ്ങനെ പട്ടികയില്‍നിന്നു നീക്കംചെയ്യപ്പെടുകയും ചെയ്തു.