തിരുവനന്തപുരം: സംസ്ഥാനത്തു തുടർഭരണമോ ഭരണമാറ്റമോ? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.
രാവിലെ എട്ടര മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തുടങ്ങിയാൽ 15 മിനിറ്റിനുള്ളിൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും. രാവിലെ പത്തോടെ ആദ്യറൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകും. അതോടെ ട്രെൻഡ് അറിയാം.
ഉച്ചയ്ക്കു മുന്പുതന്നെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തീരും. എന്നാൽ, തപാൽ വോട്ടുകൾ കൂടി എണ്ണിത്തീരേണ്ടതിനാൽ ചെറിയ ഭൂരിപക്ഷമുള്ളവരുടെ വിജയം വ്യക്തമായി പറയാനാവില്ല.
സംസ്ഥാനത്തെ 106 മണ്ഡലങ്ങളിൽ 4,000 5,000 വരെ തപാൽ വോട്ടുകളുണ്ട്. അത്തരം സാഹചര്യത്തിൽ അങ്ങനെയുള്ളവരുടെ അന്തിമഫലം വൈകിയേക്കും.
തപാൽ വോട്ടുകൾ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. ഒരു തപാൽ വോട്ട് എണ്ണാൻ 40 സെക്കൻഡ് വേണ്ടി വരും.
മുഴുവൻ തപാൽവോട്ടുകളും എണ്ണിത്തീരാൻ ഏഴു മുതൽ എട്ടു മണിക്കൂർ വരെ വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഗമനം. വൈകുന്നേരത്തോടെ മുഴുവൻ ഫലങ്ങളും ലഭ്യമാകും.
ഇവിഎമ്മുകളുടെ ഫലം ഓരോ പത്തു മിനിറ്റിലും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകിയാൽ സമയം പിന്നെയും നീളും. ഇത്തവണ എല്ലാവർക്കും വീട്ടിലിരുന്നു മാത്രമേ ഫലം നിരീക്ഷിക്കാൻ കഴിയൂ. ആഹ്ലാദ പ്രകടനങ്ങൾ നിരോധിച്ചിട്ടുണ്ട്.