സ്വന്തം ലേഖകൻമാർ
തൃശൂർ: പതിവുപോലെ ഇക്കുറിയും തെരഞ്ഞെടുപ്പിലെ വില്ലനായി യന്തിരൻ മാറി. യന്തിരനെന്നാൽ വോട്ടിംഗ് യന്ത്രം.
എല്ലാ ഒരുക്കങ്ങളും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ ബൂത്തുകളിലെത്തിച്ചതെങ്കിലും വോട്ടെടുപ്പ് തുടങ്ങിയതോടെ യന്ത്രം പിണങ്ങി പണിയെടുക്കാതെ നിന്ന അവസ്ഥ പോളിംഗ് ഉദ്യോഗസ്ഥരേയും വോട്ടർമാരേയും ഒരുപോലെ വലച്ചു.
പലരും ക്യൂവിൽ കാത്തുനിന്ന് മടുത്ത് പിന്നീട് വരാമെന്ന ധാരണയിൽ മടങ്ങി. യന്തിരൻ വില്ലനായപ്പോൾ പോളിംഗ് വൈകിയ ബൂത്തുകളിലേക്ക്….
അന്തിക്കാട്: യന്ത്രം തകരാറായി ചാഴൂരിൽ വോട്ടിംഗ് തടസപ്പെട്ടു. ചാഴൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ആലപ്പാട് എൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷൻ രണ്ടിലെ വോട്ടിംഗ് യന്ത്രമാണ് തകരാറിലായത്. 10 പേർ വോട്ട് ചെയ്ത ശേഷമാണ് ഇവിഎം തകരാറിലായത്.
തുടർന്ന് ശരിയാക്കി വോട്ടിംഗ് പുനരാരംഭിച്ചെങ്കിലും 22 പേരുടെ വോട്ടിംഗ് കഴിഞ്ഞതോടെ മെഷിൻ വീണ്ടും പ്രവർത്തനരഹിതമായി. അരമണിക്കൂറിന് ശേഷം തകരാർ പരിഹരിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
മുപ്ലിയം : കന്നാറ്റുപാടം ഒന്പതാം വാർഡ് ബൂത്ത് രണ്ടിലെ വോട്ടിംഗ് മെഷീന്റെ കണ്ട്രോൾ യൂണിറ്റാണ് തകരാറിലായത്. പിന്നീട് കണ്ട്രോൾ യൂണിറ്റ് മാറ്റിവച്ച ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
എരുമപ്പെട്ടി: കടങ്ങോട് പത്താം വാർഡിലെ രണ്ടാം നന്പർ ബൂത്തിലും പോളിംഗ് യന്ത്രത്തകരാർ മൂലം വോട്ടിംഗ് തടസപ്പെട്ടു.
ആളൂർ, ചാഴൂർ, അന്നമനട, മാള പള്ളിപ്പുറം, കുഴിക്കാട്ടുശേരി, പാണഞ്ചേരി, വേലൂർ എന്നിവിടങ്ങളിലെല്ലാം യന്ത്രത്തകരാർ മൂലം പോളിംഗ് തടസപ്പെട്ടു.
പലയിടത്തും യന്ത്രത്തിന്റെ തകരാർ പരിഹരിച്ചും ബദൽ സംവിധാനമേർപ്പെടുത്തിയുമാണ് പോളിംഗ് പുനരാരംഭിച്ചത്.
തിരുവില്വാമല: പാന്പാടിസ്കൂളിലെ ഒരു ബൂത്തിലും ഗവണ്മെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും യന്ത്രത്തകരാർ മൂലം പോളിംഗ് തടസപ്പെട്ടു.
മൂന്നാംവാർഡിലെ ഒരു ബൂത്തിലും എസ്ഡിഎ സ്കൂളിലെ ഒരു ബൂത്തിലും യന്ത്രം കേടായതിനാൽ രാവിലെ അൽനേരം പോളിംഗ് വൈകി.
പുതുക്കാട്: അളഗപ്പനഗർ പഞ്ചായത്തിലെ പതിനാലാം വാർഡ് മണ്ണംപേട്ട മാത സ്കൂളിലെ രണ്ട് ബൂത്തുകളിൽ യന്ത്രം തകരാറിലായതോടെ വോട്ടിംഗ് തടസപ്പെട്ടു.
ഇഞ്ചക്കുണ്ട് ലൂർദ് മാത സ്കൂളിലെ രണ്ടാം നന്പർ ബൂത്തിലെ കണ്ട്രോൾ യൂണിറ്റ് തകരാറിലായതോടെ ഒന്നര മണിക്കൂർ വോട്ടിംഗ് തടസപ്പെട്ടു.
തൃക്കൂർ ആലേങ്ങാട് ശങ്കര യു.പി.സ്കൂളിലെ ബൂത്തിൽ യന്ത്ര തകരാർ മൂലം വോട്ടിംഗ് തടസപ്പെട്ടു. പിന്നീട് വോട്ടിംഗ് യന്ത്രം മാറ്റിവെച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
ചാലക്കുടി: ചാലക്കുടി നഗരസഭ 20-ാം വാർഡിലെ പോളിംഗ് ബൂത്തായ നിർമല കോളജിലും മോതിരക്കണ്ണി എസ.എൻ.ഡി.പി സ്കൂളിലുമുള്ള ബൂത്തുകളിലുമാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. നഗരസഭ 20-ാം വാർഡിൽ അരമണിക്കൂർ നേരവും മോതിരക്കണ്ണി സ്കൂളിൽ ഒന്നരമണിക്കൂർ നേരവും വോട്ടിംഗ് തടസപ്പെട്ടു.
പഴയന്നൂർ: തുടക്കം മുതൽ വോട്ടിംഗ് മെഷീൻ തകരാർ കാണിച്ച ചേലക്കര രണ്ടാം വാർഡ് പങ്ങാരപ്പിള്ളി സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ രണ്ടാം നന്പർ ബൂത്തിൽ വോട്ടിംഗ് തടസപ്പെട്ടു.
മാള: മാള ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിലെ വടമ സിവിൽ സ്റ്റേഷനിലെ ബൂത്തിലെ കണ്ട്രോൾ യൂണിറ്റിന്റെ തകരാറിനെത്തുടർന്ന് രാവിലെ ഒന്നരമണിക്കൂർ പോളിംഗ് വൈകി. യൂണിറ്റ് മാറ്റി സ്ഥാപിച്ചശേഷം 8.30നാണ് ഇവിടെ പോളിംഗ് തുടങ്ങിയത്.
കുഴിക്കാട്ടുശേരി സെൻറ് മേരീസ് സ്കൂളിലെ ബൂത്തിൽ ഒരുമണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. കുഴൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ തെക്കൻ താണിശേരി സെൻറ് സേവ്യേഴ്സ് ചർച്ച് ബൂത്തിലും യന്ത്രം പണിമുടക്കി.
മെറ്റ്സ് എൻജീനിയറിംഗ് കോളജിലെ രണ്ടാം നന്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം കേടായതിനെ തുടർന്ന് ഏറെ നേരം പോളിംഗ് തടസപ്പെട്ടു.