കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും സന്പർക്ക വിലക്കിൽ കഴിയുന്നവർക്കും പ്രത്യേക തപാൽ വോട്ട് ചെയ്യാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
വോട്ടെടുപ്പ് തീയതിയുടെ പത്ത് ദിവസം മുൻപ് ആരോഗ്യവകുപ്പിന്റെ പോസിറ്റീവ് പട്ടികയിലുള്ളവർക്കും വോട്ടെടുപ്പിന് തലേദിവസം വൈകുന്നേരം മൂന്ന് വരെ കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിലുള്ളവർക്കും പ്രത്യേക തപാൽ വോട്ട് ചെയ്യാം. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതുപ്രകാരം ഡിസംബർ ഒന്ന് മുതൽ വോട്ടെടുപ്പിന്റെ തലേ ദിവസമായ ഒന്പതിന് വൈകുന്നേരം മൂന്ന് വരെ പോസിറ്റീവാകുന്നവർക്കും ക്വാറന്റീനിൽ ആകുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം.
ഒന്പതിന് വൈകുന്നേരം മൂന്നിനു ശേഷം പോസിറ്റീവാകുന്നവർക്ക് തെരഞ്ഞെുടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറിൽ പൂർണ സുരക്ഷാ ക്രമീകരണങ്ങളോടെ ബൂത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യാം. ഇത്തരത്തിൽ എത്തുന്നവരുടെ വാഹനം വേർതിരിച്ച കാബിൻ സൗകര്യം ഉള്ളതായിരിക്കണം.
പോസിറ്റീവായോ ക്വാറന്റൈനിലായോ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക വോട്ടർ പട്ടികയിൽ ഉൾപ്പെട്ടു കഴിഞ്ഞാൽ പിന്നീട് നേരിട്ടെത്തി വോട്ടുചെയ്യാനാകില്ല.
പട്ടിക തയ്യാറാക്കുക മെഡിക്കൽ ഓഫീസർ
പ്രത്യേകം ചുമതല നൽകിയ ജില്ലാതല മെഡിക്കൽ ഓഫീസറാണ് സ്പെഷൽ വോട്ടർമാരുടെ പട്ടിക തയ്യാറാക്കുക. ജില്ലയിൽ ഡിഎച്ച്ഒ ആയി ഡെപ്യൂട്ടി ഡിഎംഒ ഡോ.ടി.പി. അഭിലാഷിനെയാണ് നിയമിച്ചിരിക്കുന്നത്.
കോവിഡ് പോസിറ്റീവ്, ക്വാറന്ൈറനിൽ കഴിയുന്നവർ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കി പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്.
തപാൽ ബാലറ്റ് ലഭിക്കുന്നതെങ്ങനെ
കോവിഡ് ബാധിതരുടെയും സന്പർക്ക വിലക്കിൽ കഴിയുന്നവരുടെയും വോട്ട് രേഖപ്പെടുത്തുന്നതിന് സ്പെഷൽ പോളിംഗ് ഓഫീസറും സ്പെഷൽ പോളിംഗ് അസിസ്റ്റന്റും അടങ്ങിയ പ്രത്യേക സംഘം താമസ കേന്ദ്രങ്ങളിലെത്തും. തപാൽ ബാലറ്റ് സ്വീകരിക്കാനും നിരസിക്കാനും വോട്ടർക്ക് അവകാശമുണ്ട്.
സ്വീകരിച്ചാൽ സ്പെഷൽ പോളിംഗ് ഓഫീസർ നൽകുന്ന ഫോം 19 ബി യിൽ ഒപ്പിട്ട് നൽകണം. വോട്ട് രഹസ്യ സ്വഭാവത്തിൽ വേണം രേഖപ്പെടുത്താൻ. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പോളിംഗ് ഓഫീസർക്ക് മടക്കി നൽകാം. അതിന് രസീത് ലഭിക്കും.
ബാലറ്റ് സ്വീകരിച്ച ശേഷം വോട്ട് രേഖപ്പെടുത്തി സ്പെഷൽ പോളിംഗ് ഓഫീസർക്ക് കൈമാറാത്തവർ വോട്ടെണ്ണൽ അവസാനിക്കുന്നതിന് മുന്പ് രജിസ്ട്രേഡ് തപാലിലോ നേരിട്ടോ വരണാധികാരികൾക്ക് ബാലറ്റ് എത്തിക്കണം.
ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടത് പോളിംഗ് ഓഫീസറോ മെഡിക്കൽ ഓഫീസറോ ആണ്.
സ്പെഷൽ പോളിംഗ് ഓഫീസർ രോഗികളുടെ അടുത്ത് എത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയം സ്ഥാനാർത്ഥികളെയും അറിയിക്കും.
തപാൽ ബാലറ്റ് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വരണാധികാരികൾക്ക് ഫോം 19 ഡി യിൽ അപേക്ഷ നൽകിയും കോവിഡ് രോഗികൾക്കും ക്വാറന്റൈനുള്ളവർക്കും തപാൽ വോട്ട് ചെയ്യാം.
അപേക്ഷയോടൊപ്പം അർഹത തെളിയിക്കുന്ന മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രമായ ഫോം 19 സി യും സമർപ്പിക്കണം.
വോട്ടു രേഖപ്പെടുത്തിയ ശേഷം തപാലിൽ വരണാധികാരികൾക്ക് ഇത് അയക്കുകയാണ് വേണ്ടത്.തപാൽ വോട്ടിംഗുമായി ബന്ധപ്പെട്ട നടപടി വോട്ടെടുപ്പിന്റെ തലേദിവസം വൈകുന്നേരം ആറിനകം പൂർത്തിയാകും.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം
പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടറും കോവിഡ് പ്രതിരോധത്തിനുളള മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസിംഗ് എന്നിവ നിർബന്ധമാണ്.
ഉപയോഗിച്ച സ്പെഷൽ ബാലറ്റ് പേപ്പറുകളും ഫോമുകളും സൂക്ഷിക്കാൻ വരണാധികാരികൾ പ്രത്യേകം സ്ഥലം ഒരുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.