തൃശൂർ: പതിവു തെറ്റിക്കാതെ വോട്ടിംഗ് മെഷിൻ ജില്ലയിൽ പലയിടത്തും പണിമുടക്കി. വോട്ടുനാളിൽ പണിമുടക്കുന്നത് ശീലിച്ചുപോയ വോട്ടിംഗ് യന്ത്രങ്ങൾ നിശ്ചലമായതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകി.
മാള പൊയ്യ എൽപിസ്കൂളിലെ 127-ാം ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിലും യന്ത്രം കേടായതിനെ തുടർന്ന് വോട്ടിംഗ് വൈകി. വേലൂപ്പാടം 71 എ ബൂത്തിൽ പുതിയ യന്ത്രമെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്.
മോക്ക് പോൾ നടത്തുന്നതിനിടെ മറ്റത്തൂർ കടങ്ങോട് ബൂത്തിലെ യന്തിരൻ തകരാർ കാണിച്ചത് പിന്നീട് പരിഹരിച്ചു.
ചാലക്കുടിയിൽ രണ്ട് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കി. ക്രസൻറ് പബ്ലിക് സ്കൂൾ, ഐആർഎം എൽപി സ്കൂൾ എന്നീ ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് പണിമുടക്കിയത്.
ഇതുമൂലം 20 മിനിറ്റ് നേരം വോട്ടെടുപ്പ് നിർത്തിവയ്ക്കേണ്ടി വന്നു. പകരം മെഷീൻ കൊണ്ടുവന്ന് സ്ഥാപിച്ച ശേഷമാണ് വോട്ടെടുപ്പ് തുടർന്നത്.