തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നവർക്കെതിരേ കേസെടുക്കുന്ന നടപടി ശരിയല്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി പറഞ്ഞ തിരുവനന്തപുരം പട്ടത്തെ വോട്ടർക്കെതിരേ കേസെടുത്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാതി പറയുന്നവർ തന്നെ വോട്ടിംഗ് മെഷീന്റെ സാങ്കേതിക പ്രശ്നം തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ല. പരാതിക്കാരെ ക്രൂശിക്കുന്ന നടപടിയാണിത്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് ഉയർന്ന പരാതികൾ കമ്മീഷൻ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നവർ പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി എഴുതി നൽകണമെന്നും പരാതി സ്വയം തെളിയിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം. ഇത് എങ്ങനെ പ്രായോഗികമായി സാധിക്കുമെന്നാണ് പരാതിക്കാരുടെ ചോദ്യം.