തലശേരി: പാവങ്ങളുടെ കണ്ണീരൊപ്പാനായി ജീവിതം ഉഴിഞ്ഞു വെച്ച തലശേരിയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്ന വി.പി. അഹമ്മദ് റിയാസ് എന്ന സബൂക്ക് റിയാസിന് സ്നേഹതീരത്ത് സ്മാരകം ഒരുങ്ങുന്നു.ഇക്കഴിഞ്ഞ ഒന്പതിന് ലോകത്തോട് വിട പറഞ്ഞ വി.പി. അഹമ്മദ് റിയാസിന്റെ സ്മരണക്കായി ധർമടത്തെ സ്നേഹതീരം ഇനി വി.പി. അഹമ്മദ് റിയാസ് മെമ്മോറിയൽ സ്നേഹതീരം എന്ന് അറിയപ്പെടും.
1996 ൽ ദുബായിയിൽ രൂപീകരിച്ച ദുബായിലെ തലശേരിക്കാരുടെ കൂട്ടായ്മയായ ടിഎംഡബ്ല്യുഎയിലൂടെ സാമൂഹ്യ സേവന രംഗത്ത് കാലെടുത്ത് വച്ച അഹമ്മദ് റിയാസ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തലശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള പാവങ്ങളുടെ കണ്ണീരൊപ്പുന്ന കാര്യത്തിലും നന്മയാർന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്നും മുൻപന്തിയിലായിരുന്നു.
2003-ൽ ധർമടത്ത് സ്നേഹതീരത്തിനു വേണ്ടി രജിസ്റ്റർ ചെയ്ത ട്രസ്റ്റിന്റെ ഫൗണ്ടർ മെന്പർ കൂടിയായ റിയാസ് തുടക്കം മുതലേ സ്നേഹതീരത്തെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചു. അദ്ദേഹം അവിടെ ഹൗസിംഗ് പ്രോജക്ട് നടപ്പിലാക്കാനും പിന്നീട് ഒരു പാട് രോഗികൾക്കാശ്വാസമായ സ്നേഹതീരം ഡയാലിസിസ് സെൻറർ സ്ഥാപിക്കാനും മുന്നിലുണ്ടായിരുന്നു.
2011 -ൽ ദുബായ് വിട്ടു പോന്ന അദ്ദേഹം തന്റെ ശിഷ്ട ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് സ്നേഹതീരം ഡയാലിസിസ് സെന്ററുമായിയി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരുന്നു. പിന്നീട് കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ (സിസിഎഫ്) രൂപീകൃതമായത് മുതൽ മരണം വരെ അമരക്കാരനുമായിരുന്നു.
ഗവ. ജനറലാശുപത്രിയിലും മലബാർ കാൻസർ സെന്ററിലേയും വിവിധ സേവന പ്രവർത്തനങ്ങൾക്ക് മുന്നിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു. എംസിസിയിലെ കുട്ടികളുടെ ബ്ലോക്കിൽ ടിഎംഡബ്ല്യുഒ ശിശുസൗഹൃദ ഒപി ഒരുക്കുന്നതിലും ഇദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു.
എല്ലാവരെയും ചേർത്ത് പിടിച്ച് തലശേരിക്കായി നന്മയാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് മുന്നേറുന്നതിനിടയിലായിരുന്നു മരണം. അദ്ദേഹം ഏറ്റവും കൂടുതൽ തന്നെതന്നെ സമർപ്പിച്ച ധർമടത്തെ സ്നേഹതീരം ഇനി മുതൽ “വി.പി.അഹമ്മദ് റിയാസ് മെമ്മോറിയൽ സ്നേഹതീരം ’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്നു ടിഎംഡബ്ല്യുഎ ഫൗണ്ടേഷൻ സെക്രട്ടറി പി.പി. ഫാറൂഖ് അറിയിച്ചു.