കോഴിക്കോട്: എവിടെനിന്നോ ഇടറിയെത്തിയ ആ ശബ്ദത്തിനുപിന്നാലെ പവിത്രന് എന്ന പോലീസ് ഉദ്യോഗസ്ഥന് സഞ്ചരിച്ചു..അവ്യക്തമായ വയര്‍ലെസ് സന്ദേശമല്ലേ..വിട്ടുകളഞ്ഞേക്കാം എന്ന് അദ്ദേഹത്തിന് തോന്നിയിരുന്നുവെങ്കില്‍ ആറുപേരുടെ ജീവന് അപകടത്തിലായേനെ…
ഫിഷിംഗ് ബോട്ട് മുങ്ങിത്താഴുന്നു…
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കസബ പോലീസ് സ്റ്റേഷനിലെ വയര്‍ലെസ് ശബ്ദിക്കുന്നത്. ‘പോലീസ് കണ്ട്രോള് റൂം…ഫിഷിംഗ് ബോട്ട് മുങ്ങിത്താഴുന്നു…’എന്നായിരുന്നു ആ ശബ്ദസന്ദേശം.
മുറിഞ്ഞും ഒട്ടും വ്യക്തതയില്ലാതെയും കേട്ട ശബ്ദം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും മേപ്പയ്യൂര്‍ സ്വദേശിയുമായ വി.പി.പവിത്രന് വീണ്ടും ശ്രദ്ധിച്ചു.
ആരും ആ വിളിക്ക് മറുപടികൊടുക്കുന്നില്ല. സാധാരണ പോലീസ് കണ്ട്രോള് റൂമാണ് എല്ലാ വയര്‍ലെസ് സന്ദേശങ്ങളും കൈകാര്യംചെയ്യുക. ഓരോ പോലീസ് സ്റ്റേഷനുമുള്ളത് അവിടെനിന്ന് പ്രത്യേകം തരും. അതുമാത്രം അതത് പോലീസ് സ്റ്റേഷനുകള്‍ ശ്രദ്ധിച്ചാല്‍മതി.
എന്നാല്‍, മറുപടിയില്ലാതെ മുറിഞ്ഞുപോയ ആ കോള്‍ വിട്ടുകളയാന്‍ പവിത്രന് തോന്നിയില്ല. അപകടസ്ഥലത്തെക്കുറിച്ച് എന്തെങ്കിലും പറയും മുമ്പാണ് കോള്‍ മുറിഞ്ഞത്.
ഉടന്‍ ഫോണെടുത്ത് പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ചു. എന്നാല്‍ ആ സന്ദേശം കണ്ട്രോള് റൂമിലോ, മറ്റേതെങ്കിലും വയര്‍ലെസ് സെറ്റിലോ ലഭിച്ചിട്ടില്ല.തുടര്‍ന്ന് ടെലികമ്യൂണിക്കേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ടു.
പോലീസിന്റെ വയര്‍ലെസുമായി ബന്ധപ്പെട്ട എല്ലാത്തിന്റെയും സാങ്കേതിക വിഭാഗമാണ് അത്. അവിടെ ലഭിക്കാതെ ഒരു സന്ദേശവും പോകില്ല, സേവ് ആകുകയും ചെയ്യും. എന്നാല്‍ അവിടെ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.
അതോടെ നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം ഒഴുകി. ആരും കേട്ടിട്ടില്ല അങ്ങനെ ഒരു സന്ദേശം.അതോടെ കോസ്റ്റ് ഗാര്‍ഡുമായി പോലീസ് ബന്ധപ്പെട്ടു. അവര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിനെയും അറിയിച്ചു.
അവര്‍ക്കും ഇതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് അവരുടെ കീഴില്‍ ബോട്ടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സംവിധാനം ഉപയോഗിച്ച് എല്ലാ ബോട്ടുകള്‍ക്കും സന്ദേശം നല്കി.
അതോടെ ബോട്ടുകള്‍ നടത്തിയ തിരച്ചിലിന്റെ ഭാഗമായി കടലുണ്ടിയില്‍നിന്ന് 15 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് പലക ഇളകി മുങ്ങിക്കൊണ്ടിരുന്ന ബോട്ട്, മറ്റൊരു മീന്‍പിടിത്ത ബോട്ടിലുള്ളവര്‍ കണ്ടെത്തി.
സന്ദേശമെത്തിയത് കസബ സ്റ്റേഷനിൽ മാത്രം!
അപ്പോഴേക്കും ബേപ്പൂരില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗവും എത്തി. മുങ്ങിക്കൊണ്ടിരുന്ന ബോട്ടിലെ ആറുപേരെയും രക്ഷിച്ച് കരയ്ക്കെത്തിച്ചു. മരണം മുന്നില്‍ക്കണ്ട നിമിഷത്തില്‍നിന്ന് ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ടത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല, ഇവര്‍ക്ക്…
അതിന് വഴിയൊരുക്കിയതാകട്ടെ നന്മയുടെയും കര്‍ത്തവ്യബോധത്തിന്റെയും തിളങ്ങുന്ന മനസും. പക്ഷേ, ഇപ്പോഴും ആര്‍ക്കുമറിയില്ല ആ സന്ദേശം എങ്ങനെ കസബ സ്റ്റേഷനില്‍ മാത്രം കിട്ടിയെന്ന്.
പവിത്രന് സിറ്റി പോലീസ് ചീഫ് എ.വി. ജോര്‍ജ് റിവാര്‍ഡ് പ്രഖ്യാപിച്ചു. പവിത്രന്റെ ഭാര്യ ശാലിനി നടക്കാവ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറാണ്.