കോലഞ്ചേരി: പുത്തൻകുരിശിൽ കോണ്ഗ്രസ് നേതാവിന്റെ കടയ്ക്കുനേരേ അക്രമം നടത്തിയവർക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് വി.പി. സജീന്ദ്രൻ എംഎൽഎ സിഐ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കോണ്ഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് സെക്രട്ടറി മനോജ് കാരക്കാട്ടിലിന്റെ തുണിക്കടയാണ് കഴിഞ്ഞ 26ന് രാത്രി തകർത്തത്. മുകളിലെ നിലയിലുള്ള തുണിക്കടയിലേക്കുള്ള ഏണി മുറിച്ചു മാറ്റിയശേഷം കടയിലുണ്ടായിരുന്ന വസ്ത്രങ്ങൾ മാറ്റിയെന്നാണ് പരാതി. 27ന് രാവിലെയാണ് കടയുടമയായ മനോജ് സംഭവം അറിയുന്നത്.
ഇതേ ചൊല്ലി കെട്ടിട ഉടമയുടെ നേതൃത്വത്തിൽ മനോജിനേയും ഭാര്യയേയും മർദിച്ചതായും പരാതിയുണ്ട്. പുത്തൻകുരിശ് പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ലെന്നാണ് മനോജിന്റെ പരാതി. ഇതേത്തുടർന്നായിരുന്നു എംഎൽഎ സിഐ ഓഫീസിലെത്തിയത്. കേസെടുക്കാതെ സ്റ്റേഷനിൽനിന്നു പോകില്ലെന്ന് എംഎൽഎ സിഐയെ അറിയിക്കുകയായിരുന്നു.
കെട്ടിട ഉടമക്കും ഭർത്താവിനുമെതിരേ കേസെടുക്കുമെന്ന് അറിയിച്ചതോടെയാണ് എംഎൽഎ സ്റ്റേഷൻ വിട്ടത്. കെട്ടിടത്തിന്റെ വാടക സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പുത്തൻകുരിശ് മർച്ചന്റ്സ് അസോസിയേഷനും കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.