ദുബായ്: തൊഴില്‍ത്തട്ടിപ്പിനെ തുടര്‍ന്നു യുഎഇയില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ക്കു ജോലി നല്കി വിപിഎസ് ഹെല്‍ത്ത് കെയര്‍.
ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്താണു മലയാളികളെ യുഎഇയില്‍ ഏജന്‍സികള്‍ എത്തിച്ചത്.
എന്നാല്‍ യുഎഇയില്‍ എത്തിയപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറിയതോടെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു നഴ്സുമാർ.
ഇതിനിടെയാണു നഴ്സുമാരുടെ ദുരവസ്ഥ മനസിലാക്കി യുഎഇയിലെ മെഡിക്കല്‍ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഇവര്‍ക്കു കൈത്താങ്ങായത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കുടുങ്ങിക്കിടന്നിരുന്ന നഴ്സുമാര്‍ സ്വന്തം നിലയില്‍ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഹ്യുമന്‍ റിസോഴ്സ് വിഭാഗത്തിന് അപേക്ഷകള്‍ അയച്ചിരുന്നു.
അപേക്ഷിച്ച ഇരുനൂറോളം പേരില്‍നിന്ന് യോഗ്യരായവരെ പ്രത്യേക അഭിമുഖത്തിലൂടെയാണ് ഗ്രൂപ്പ് തെരഞ്ഞെടുത്തതെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ചീഫ് ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ സഞ്ജയ് കുമാര്‍ അറിയിച്ചു.
ഏറെനാളായി കുടുങ്ങിക്കിടക്കുന്ന നഴ്സുമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും മനസിലാക്കി ഇവര്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയത്.
പിസിആര്‍ പരിശോധനയും മറ്റു നടപടികളുമെല്ലാം സൗജന്യമായി ആശുപത്രി അധികൃതർ ഏര്‍പ്പെടുത്തി.
തുടര്‍ന്ന് 41 ആരോഗ്യപ്രവര്‍ത്തകരാണ് വിപിഎസ് ഹെല്‍ത്ത്കെയറിന് കീഴിലുള്ള ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചത്.
മെഡിക്കല്‍ ലൈസന്‍സ് ഇല്ലാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളുടെ സഹായി/സര്‍വീസ് അസിസ്റ്റന്റ് തസ്തികകളിലാണ് തല്ക്കാലം പ്രവര്‍ത്തിക്കുക.
യോഗ്യതയുള്ള ട്രെയിനി നഴ്സുമാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും നല്കാന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ ഗ്രൂപ്പിലെ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.