തിരുവനന്തപുരം: സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. പ്രേംകുമാറിനെ ഡയറക്ടർ സ്ഥാനത്തു നിലനിർത്തണമെന്ന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണുവിന്റെ ആവശ്യം തള്ളിയാണു സർക്കാർ നടപടി. ഗിരിജ ഐഎഎസാണ് പുതിയ സർവേ ഡയറക്ടർ. പ്രേംകുമാറിനു പകരം ചുമതല നൽകിയിട്ടില്ല.
വി.ആർ. പ്രേംകുമാറിനെ സ്ഥലംമാറ്റിയ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു.
പ്രകോപനമോ മറ്റു കാരണങ്ങളോ ഇല്ലാതെ സർവേ ഡയറക്ടറെ മാറ്റിയ നടപടി ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നു കത്തിൽ ചൂണ്ടിക്കാട്ടി.
സർവേ ഡയറക്ടറായി നിയമിതനായ പ്രേംകുമാർ മികച്ച രീതിയിൽ ജോലിചെയ്തു വരികയായിരുന്നു. ഡയറക്ടർക്കെതിരേ പരാതിയുണ്ടെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതായിരുന്നു. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നതിനു മുൻപ് ഇക്കാര്യം ആലോചിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
റവന്യുവകുപ്പു മേധാവിയെന്ന നിലയിൽ തന്റെ ടീമിൽ പെട്ട ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന ഈ പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ തനിക്ക് ഉത്തരവാദിത്വമുണ്ട്.
ഇക്കാര്യം മുഖ്യമന്ത്രിയുടെയും ആവശ്യമെങ്കിൽ മന്ത്രിസഭയുടെയും ശ്രദ്ധയിൽപ്പെടുത്തി പിൻവലിപ്പിക്കാൻ ചീഫ് സെക്രട്ടറി തയാറാകണം. അദ്ദേഹത്തെ സർവേ ഡയറക്ടറായി തുടരാൻ അനുവദിക്കണമെന്നും വേണു കത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ നടപടിക്കെതിരേ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും പ്രമേയം പാസാക്കിയിരുന്നു. സിവിൽ സർവീസ് ബോർഡിന്റെ മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റേണ്ടതെന്നും ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഇതേത്തുടർന്നു കഴിഞ്ഞ മന്ത്രിസഭയിലെ തീരുമാനം ഉത്തരവായി ഇറക്കാൻ കഴിഞ്ഞിരുന്നില്ല.