അഗളി: സ്ത്രീ സ്വാതന്ത്ര്യനിഷേധത്തിനെതിരെ ദൈന്യത തോന്നാനുള്ള അവസരമല്ല, ശബ്ദമുയർത്താനുള്ള സമയമാണിതെന്നു ദേശീയ സാമൂഹിക-രാഷ്ട്രീയ നേതാവ് വൃന്ദ കാരാട്ട്. അട്ടപ്പാടി കില ഓഡിറ്റോറിയത്തിൽ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ, ജെൻഡർ റിസോഴ്സ് സെന്റർ് ഉദ്ഘാടനവും വനിതാദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വികസനം പൂർണമായി തീരുമാനിക്കാൻ ആദിവാസികൾക്ക് അവസരമുണ്ടാകണം. ആദിവാസി യൂത്ത് സ്ത്രീകൾ പറയുന്ന കാര്യം ഉദ്യോഗസ്ഥർ ചെവിക്കൊള്ളണം. സ്ത്രീകൾക്ക് ആധുനിക സംസ്കാരം വാർത്തെടുക്കാൻ കഴിയണം. 8,000 ആദിവാസി അയൽകൂട്ടങ്ങളിലൂടെ ഒന്നരകോടി നിക്ഷേപം സമാഹരിച്ചതു രാജ്യത്തെ റിക്കാർഡാണ്. കുടുംബശ്രീ മുഖാന്തിരം അട്ടപ്പാടിയിലെ 192 ഉൗരുകളിലും കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവർത്തിക്കുന്നതു പ്രശംസനീയാണെന്നും അവർ പറഞ്ഞു.
അട്ടപ്പാടിയിലെ മാമണ ഉൗരിൽ അവർ സന്ദർശനം നടത്തി. ആദിവാസികൾ പരന്പരാഗത രീതിയിൽ തയാറാക്കിയ ഭക്ഷണവും കഴിച്ചാണു വൃന്ദ മടങ്ങിയത്. കില ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ. ഷംസുദീൻ എംഎൽഎ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ഷോളയൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് മരുതി, സെക്രട്ടറി മോഹന, കുടുംബശ്രീ പുതൂർ പഞ്ചായത്ത് സമിതി സെക്രട്ടറി രാധ എന്നിവർ വിഷയങ്ങളവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, പാലക്കാട് ഡിഎംസി സൈതലവി എന്നിവർ പ്രസംഗിച്ചു. എൻ.ആർ.എൽ.എ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും കുടുംബശ്രീ അട്ടപ്പാടി സ്പെഷൽ പ്രോജക്ട് ഓഫീസറുമായ ഡോ. സീമ ഭാസ്കർ സ്വാഗതവും കുടുംബശ്രീ ബ്ലോക്ക് സമിതി സെക്രട്ടറി ഗിരിജ നന്ദിയും പറഞ്ഞു.്