ചെന്നൈ: വ്യത്യസ്ത രക്തഗ്രൂപ്പിലുള്ള ദാതാവിന്റെ വൃക്ക ചെന്നൈ കാവേരി ആശുപത്രിയിൽ 29 കാരനു വച്ചുപിടിപ്പിച്ചു.
കോവിഡ് രോഗമുക്തനായ ആളാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ദാതാവിന്റെയും സ്വീകർത്താവിന്റെയും ചില വൈദ്യ ഘടകങ്ങൾ അനുയോജ്യമായി വന്നാൽ മാത്രമേ മാറ്റിവയ്ക്കൽ നടക്കൂ.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രക്തഗ്രൂപ്പ്. ഒരേ രക്തഗ്രൂപ്പിൽപ്പെട്ടവരോ അല്ലെങ്കിൽ ഒ ഗ്രൂപ്പിൽ പെട്ടവരോ(യൂണിവേഴ്സൽ ഡോണർ) ആയിരിക്കണം ദാതാക്കൾ.
വ്യത്യസ്ത രക്തഗ്രൂപ്പിൽ പെട്ടവർക്കും ദാതാവാകാൻ സാധിക്കുമെങ്കിൽ വൃക്കരോഗം മൂലം ഡയാലിസിസ് ചെയ്യുന്നവർക്കു കൂടുതൽ ആശ്വാസമാകും.
ദാതാവ് വ്യത്യസ്ത രക്തഗ്രൂപ്പിൽ പെട്ടയാളാണെങ്കിൽ സ്വീകർത്താവിന്റെ ശരീരം കിഡ്നി നിരസിക്കും.
രോഗിയുടെ ശരീരത്തിലെ ആന്റിബോഡിയും സ്വീകരിച്ച കിഡ്നിയിലെ ആന്റിജനും തമ്മിൽ പ്രവർത്തിച്ചാണ് ആ കിഡ്നിയെ ശരീരം നിരസിക്കുക.
ഈ പ്രതിസന്ധി മറികടക്കുന്നതിനായി സ്വീകർത്താവിന്റെ ശരീരത്തിലെ ആന്റിബോഡിയുടെ അളവ് ചികിത്സകളിലൂടെ കുറച്ചുകൊണ്ടുവരും.
സ്വീകർത്താവ് കോവിഡ് മുക്തനായ വ്യക്തിയായതിനാൽ, കോവിഡ് ആന്റിബോഡിയും ചികിത്സയിലൂടെ കുറച്ചാണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയമാക്കിയതെന്ന് കാവേരി ആശുപത്രിയിലെ ചീഫ് നെഫ്രോളജിസ്റ്റ് ഡോ. ആർ. ബാലസുബ്രഹ്മണ്യം പറഞ്ഞു.