എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: മൂന്നു സിറ്റിംഗ് കഴിഞ്ഞിട്ടും ഓഫീസില്ലാതെ വി.എസ് അച്യുതാനന്ദന് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്. ഐ.എം.ജിയില്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എം.എല്‍.എ ഹോസ്റ്റലിലും വി.എസിന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലുമാണ് ഇതു നടന്നത്. എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ ചുരുക്കത്തില്‍ ഓഫീസില്ലാതെയാണ് ഭരണപരിഷ്കാര കമ്മീഷന് പ്രവര്‍ത്തിക്കുന്നത്.
ഐ.എം.ജിയിലെ ഓഫീസ് നവീകരണത്തിനായി ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതു ടെണ്ടര്‍വിളിച്ച് പണി പുര്‍ത്തിയാകാന്‍ മാസങ്ങളെടുക്കുമെന്ന് ഉറപ്പാണ്. ഓഫീസ് നല്‍കാതെ സര്‍ക്കാര്‍ തന്നെയിട്ട് വട്ടം ചുറ്റിക്കുന്നതില്‍ വി.എസിന് കടുത്ത അതൃപ്തിയാണ്. അദ്ദേഹം ഇതു പലവട്ടം പരസ്യമാക്കിയതുമാണ്. എന്നിട്ടും സര്‍ക്കാരിനു ഒരു കുലുക്കവുമില്ല. പുതിയ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഓഫീസ് വേണമെന്ന ആവശ്യം തള്ളിയ സര്‍ക്കാര്‍ വി.എസിന് ഐ.എം.ജിയില്‍ ഓഫീസ് അനുവദിക്കുകയായിരുന്നു.
ഒരു കോടി രൂപ ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസിന് മാത്രമായിട്ടല്ലെന്നാണ് ലഭിക്കുന്ന വിവരം. നവകേരള മിഷന്റെ ഓഫീസും ഐ.എം.ജിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ നവീകരണത്തിനുകൂടി ഈ തുക ചിലവഴിക്കുമെന്നാണ് അറിയുന്നത്. പണം അനുവദിച്ചതാകട്ടെ ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് നവീകരണത്തിനെന്ന്് പറഞ്ഞാണ്. ഇത്രയും തുക അനുവദിച്ച് ഓഫീസ് നവീകരിച്ചുവെന്ന പഴി വി.എസിന്റെ തലയില്‍ വന്നുവീഴുവെന്ന് ഉറപ്പാണ്. ഇത് പ്രതിപക്ഷം ആയുധമാക്കാനുള്ള സാഹചര്യം മുന്നില്‍കണ്ടാണ് ഐ.എം.ജിയിലെ ഓഫീസ് വേണ്ടെന്ന നിലപാടില്‍ വി.എസ് ഉറച്ചു നില്‍ക്കുന്നത്.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന്റെ കാലവധി അടുത്ത വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. അദ്ദേഹത്തെ നവകേരള മിഷന്റെ ഡയറക്ടറാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പരാതി സംസ്ഥാനത്ത് പലതവണ പറഞ്ഞിട്ടും പരിഹാരമാകാത്തതിനാല്‍ ഇനി കേന്ദ്ര നേതൃത്വത്തിന് കൈമാറാനാണ് വി.എസിന്റെ തീരുമാനം. അടുത്ത കേന്ദ്രകമ്മറ്റി കേരളത്തില്‍ വച്ചാണ് നടക്കുന്നത് കേന്ദ്രകമ്മറ്റി നേതാക്കളെല്ലാം കേരളത്തിലെത്തും. ഓഫീസ് നല്‍കാതെ അപമാനിക്കുന്ന കാര്യം വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ഒന്നുകില്‍ ഓഫീസ് നല്കി തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം വിഎസ് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ വച്ചേക്കും. കേന്ദ്ര കമ്മറ്റിവരെ തത്കാലം മിണ്ടാതിരിക്കാനുള്ള തീരുമാനത്തിലാണ് വി.എസെന്നറിയുന്നു.