തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദന് ഇന്നു 97-ാം പിറന്നാൾ.
കവടിയാറിലെ ഔദ്യോഗിക വസതിയിൽ വിശ്രമത്തിലാണു വി.എസ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ നിർദേശാനുസരണം പുറത്തു നിന്നുള്ള ആരേയും അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ല.
പതിവുചര്യകൾ ഏറെ വ്യത്യാസപ്പെടുത്തിയ വി.എസ് വീട്ടിനുള്ളിൽ തന്നെ നടക്കുകയും വാർത്താചാനലുകൾ എന്നും കാണുകയും ചെയ്യും.
ദിവസവും വീട്ടിലുള്ള ആരെങ്കിലും പത്രത്തിലെ വാർത്തകൾ അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കും. സസ്യാഹാരമാണു വി.എസിനു പ്രിയമെങ്കിലും ഡോക്ടർമാരുടെ നിർദേശാനുസരണം മത്സ്യവും ഇപ്പോൾ കഴിക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ഡോക്ടർമാരുടെ നിർദേശം പാലിച്ചും പിറന്നാളായ ഇന്നു ലളിതമായ ആഘോഷമാണു കുടുംബക്കാർ വി.എസിനായി ഒരുക്കിയിരിക്കുന്നത്. കേക്ക് കട്ടിംഗും പായസവും പതിവുപോലെ ഇക്കുറിയും ഉണ്ടാകും.