സ്വന്തം ലേഖകൻ
കണ്ണൂർ: പോരാട്ടങ്ങളുടെ സമരനായകനും സിപിഎമ്മിലെ ഏറ്റവും തലമുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദൻ നൂറു വയസിലേക്ക് കടക്കുന്പോൾ മാധ്യമങ്ങളും അനുയായികളും ആഘോഷമാക്കുന്പോഴും പാർട്ടി പത്രത്തിന് അത്ര ആഘോഷമില്ല.
വി.എസ്. എന്ന സമര നായകന്റെ പോരാട്ടവഴികളെയും ത്യാഗോജ്ജ്വലമായ ജീവിതത്തെയും പ്രത്യേക ഫീച്ചറുകളും എഡിറ്റോറിയലും നൽകി ആദരിച്ചപ്പോൾ പാർട്ടി പത്രത്തിൽ “വിഎസിന് നാളെ 99′ എന്ന രണ്ടു കോളം വാർത്തയിലൊതുങ്ങി. ദേശാഭിമാനിയുടെ മുൻ പത്രാധിപർ കൂടിയാണ് വിഎസ്.
നേരത്തെ പിണറായി-വി.എസ്. അച്ചുതണ്ട് സിപിഎമ്മിനുള്ളിൽ ശക്തമായിരുന്നെങ്കിലും പിന്നീട് രണ്ടുപേരും രണ്ടുവഴിക്കായിരുന്നു. ഇതോടെയാണ് സിപിഎമ്മിൽ വിഭാഗീയത ശക്തമായത്.
സിപിഎം പിളർന്നേക്കുമോ എന്ന അവസ്ഥയിലേക്കു വരെ പ്രതിസന്ധി എത്തി. പിന്നീട് പാർട്ടിയിൽ പിണറായി മേൽക്കൈ നേടിയതോടെ വി.എസിനെതിരേ അപ്രഖ്യാപിത വിലക്കേർപ്പെടുത്തി.
ടി.പി. വധക്കേസിൽ സിപിഎം പ്രതിരോധത്തിലായ സമയത്തുൾപ്പെടെ വി.എസിന്റെ നിലപാട് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു.
ടിപിയുടെ വീട് സന്ദർശിച്ച് ഭാര്യ കെ.കെ. രമയെ വി.എസ് ആശ്വസിപ്പിച്ചതുൾപ്പെടെ സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലേക്കായിരുന്നു നയിച്ചത്.
സിപിഎം സ്ഥാപകനേതാക്കളിലൊരാളാണ് വി.എസ്. മൂന്നുതവണ പാർട്ടി സെക്രട്ടറി, മൂന്നു തവണ പ്രതിപക്ഷ നേതാവ്, ഒരുതവണ മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച വി.എസിന് പാർട്ടി പത്രം വേണ്ടത്ര പാധാന്യം നൽകാത്തത് പ്രവർത്തകർക്കിടയിലും ചർച്ചയായിട്ടുണ്ട്.