പാലക്കാട്: വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ലഭ്യമായ ഭൂമിയിൽ കൃഷി ചെയ്യാൻ വനം വകുപ്പ് അനുകൂല നടപടിയെടുക്കണമെന്ന് ഭരണപരിഷ്ക്കരണ കമ്മീഷൻ ചെയർമാനും എം.എൽ.എ യുമായ വി.എസ്.അച്യുതാനന്ദൻ പറഞ്ഞു.
പട്ടികവർഗവികസന വകുപ്പിന്റെ കീഴിൽ മലന്പുഴ നിയോജക മണ്ഡലത്തിലെ പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മംഗലത്താൻചള്ള, ചെല്ലങ്കാവ് പട്ടികവർഗ സങ്കേതങ്ങൾ, മലന്പുഴ പഞ്ചായത്തിലെ അയ്യപ്പൻപൊറ്റ, പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര എന്നീ കോളനികളുടെ സമഗ്ര വികസനത്തിനായുള്ള അംബേദ്ക്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടക്കാവ് മേൽപ്പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ്, റിംഗ് റോഡ് നിർമാണം എന്നിവ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗലത്താൻ ചള്ള കോളനിയിൽ നടന്ന പരിപാടിയിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.
ഓരോ കോളനിക്കും ഒരു കോടി വീതമായി നാല് കോളനികൾക്കായി നാല് കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഭവനനിർമാണം, റോഡ്, വൈദ്യുതി, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് പദ്ധതിപ്രകാരം പൂർത്തീകരിക്കുക.
കൂടാതെ വൈദ്യുതി വേലി, കമ്മ്യൂണിറ്റി ഹാൾ, കിണർ എന്നിങ്ങനെ പ്രദേശത്തിന്റെ ആവശ്യമനുസരിച്ചുള്ള കാര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും. നിർമിതി കേന്ദ്രമാണ് പദ്ധതികൾ നടപ്പിലാക്കുക.
ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ വൈ.ബിപിൻദാസ്, ജില്ലാ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സി.രാജലക്ഷ്മി, നിർമിതി കേന്ദ്രം പ്രൊജക്ട് എൻജിനീയർ പി.അനിത, മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രൻ, മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.