വിഎസ് അച്യുതാനന്ദന്‍ ചെയര്‍മാനായിട്ടുള്ള ഭരണ പരിഷ്‌കാര കമ്മീഷന് ഇതുവരെ ചെലവായത് നാലരക്കോടി രൂപ! നവകേരളത്തിന്റെ പേരില്‍ ജനങ്ങളെ പിഴിയുമ്പോള്‍ എന്തിനാണ് ഈ അധികച്ചിലവെന്ന് ജനം

2016 ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയ സമയത്ത് വി. എസ്. അച്യുതാനന്ദന് നല്‍കിയ പദവിയാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്നത്. പ്രത്യേകിച്ച് ചുമതലകളും ചെലവുകളും ഇല്ലാത്ത ഈ വിഭാഗത്തിന് പക്ഷേ ഇതുവരെയും ചെലവായിരിക്കുന്ന തുകയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

വി.എസ്. അധ്യക്ഷനായ ഭരണ പരിഷ്‌കാര കമ്മിഷന്റെ ചെലവ് നാലു കോടി അമ്പത്തിയാറു ലക്ഷത്തി ഒന്‍പതിനായിരത്തി എണ്‍പത്തിയാറു രൂപയെന്ന് സര്‍ക്കാര്‍ സഭയില്‍ അറിയിച്ചിരിക്കുകയാണ്. ഷാഫി പറമ്പിലിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. ശമ്പളമുള്‍പ്പെടെയുള്ള ചിലവിനാണ് ഇത്രയും തുക ചെലവഴിച്ചത്.

കമ്മീഷന്റെ ചെലവിലേയ്ക്കായി പ്രളയത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുമ്പോഴും യാതൊരു നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും കമ്മീഷന്‍ നല്‍കിയിട്ടില്ലെന്നതും നേരത്തെ തന്നെ സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളതാണ്. മുപ്പതോളം ആളുകളാണ് ഭരണ പരിഷ്‌കാര കമ്മീഷനില്‍ ഡെപ്യൂട്ടേഷനിലും അല്ലാതെയും ജോലി ചെയ്യുന്നത്.

ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് തയാറാക്കുന്നതിന് 45 ലക്ഷത്തോളം രൂപയും നല്‍കിയിട്ടുണ്ട്. മറ്റ് ചെലവുകള്‍ വേറെയും.

Related posts